ഉമ്മന്‍ ചാണ്ടിയോ ചാണ്ടി ഉമ്മനോ കേമന്‍? എതിരാളി ജയ്ക്ക് സി തോമസ് പറയുന്നു

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും ഇടതുപക്ഷം അവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്നും ചാണ്ടി ഉമ്മന് പുതുപ്പള്ളിയില്‍ സാധ്യത എന്നുമുള്ള മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജെയ്ക് സി തോമസ്.

ഉമ്മന്‍ ചാണ്ടി ആയാലും ചാണ്ടി ഉമ്മനായാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ആയിരിക്കുമെന്നും പ്രചാരണ രീതികള്‍ എതിര്‍ സ്ഥാനാര്‍ഥിയെ നോക്കിയല്ല തീരുമാനിക്കുന്നതെന്നും ജെയ്ക് ദീപികയോട് വ്യക്തമാക്കി. മണ്ഡലത്തില്‍ ഇടത് വിജയം സുനിശ്ചിതമാണെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.

അതേസമയം നേമത്ത് ആര് മത്സരിക്കണമെന്ന തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും ഇരുവരും പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ സന്നദ്ധമെന്ന് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ നേമത്ത് ആരെന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

പുതുപ്പള്ളി വിട്ട് ഉമ്മന്‍ ചാണ്ടി നേമം ഏറ്റെടുക്കരുതെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇതിനായി ഉമ്മന്‍ ചാണ്ടിക്ക് മേല്‍ എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കെ മുരളീധരന് ഇളവ് നല്‍കി മത്സരിപ്പിക്കണമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് അറിയിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

നേമത്ത് ഇക്കുറി ഉമ്മന്‍ ചാണ്ടിയെത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. നിലവില്‍ അത്തരമൊരു ചര്‍ച്ചകളില്ല. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ എത്തിയേക്കുമെന്നാണ് സൂചന.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News