കൊവിഡ് അവസാനത്തെ മഹാമാരിയായിരിക്കില്ല, അടുത്തത് പിന്നാലെയെത്തും; ലോകാരോഗ്യ സംഘടന മേധാവി

ജനീവ: കൊറോണ വൈറസ് ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം. കാലാവസ്ഥാ വ്യതിയാനത്തെയും മൃഗക്ഷേമത്തെയും ശരിയായി കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഫലവത്താകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തൊന്നിനെ മുന്നില്‍ക്കണ്ട് തയാറെടുക്കാതെ അപകടകരമായ ഹ്രസ്വ കാഴ്ചപ്പാടോടെ മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ പണം എറിയുന്ന നിലപാടിനെ അദ്ദേഹം അപലപിച്ചു. കൊവിഡ് മഹാമാരിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ പണം എറിയുന്നു. എന്നാല്‍ അത് അവസാനിക്കുന്നതോടെ നമ്മള്‍ മറക്കുന്നു. അടുത്തൊന്നിനായി തയാറെടുക്കുന്നുമില്ല. ഇത് അപകടകരമായ ഹൃസ്വകാഴ്ചപ്പാടാണ്.

ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നും പകര്‍ച്ചവ്യാധികള്‍ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമാണെന്നും ചരിത്രം പറയുന്നു. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ഈ മഹാമാരി എടുത്തുകാണിക്കുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പാരസ്പര്യത്തേയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയേയും അഭിസംബോധന ചെയ്യുന്നില്ലെങ്കില്‍ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏതൊരു ശ്രമവും തകര്‍ക്കപ്പെടുമെന്നും അഥാനോം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News