കൊച്ചി:മലയാളികളുടെ മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ നടിയാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ഇന്നും പ്രേക്ഷകർ ശോഭനയെ ഓർക്കുന്നത്. അതിന് മുമ്പും ശേഷവും നിരവധി നല്ല സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നാഗവല്ലിയുടെ പ്രഭയിൽ അതെല്ലാം മങ്ങിപ്പോയി. ഫാസിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ശോഭന എന്ന പേര് അടയാശപ്പെടുത്തപ്പെട്ടു.
ചന്ദ്രമുഖി, ഭൂൽ ഭുലയ്യ എന്നീ പേരുകളിൽ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തപ്പോഴും നാഗവല്ലി എന്ന കഥാപാത്രത്തിന് ശോഭനയെ പോലെ ജീവൻ നൽകാൻ മറ്റൊരു നടിക്കും കഴിഞ്ഞില്ല. നാഗവല്ലിയായി ശോഭനയ്ക്ക് പകരം മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ മലയാളികൾക്കും കഴിഞ്ഞില്ല. വർഷങ്ങൾക്കിപ്പുറവും തന്നെ നാഗവല്ലിയായി കാണാനാണ് ജനങ്ങൾക്കിഷ്ടമെന്ന് ശോഭന തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
അന്നുണ്ടായിരുന്ന പല നടിമാരും മലയാളത്തിൽ നിന്ന് മറുഭാഷകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തെങ്കിലും ശോഭന മലയാളത്തിന് എന്നും പ്രഥമ പരിഗണന നൽകി. തമിഴിൽ എന്ത് കൊണ്ട് നടി സജീവമായില്ലെന്നും ഇടയ്ക്ക് ചോദ്യം വരാറുണ്ട്. ഹിന്ദിയിൽ നിന്നും തനിക്ക് ചില അവസരങ്ങൾ വന്നിരുന്നെന്നും എന്നാൽ നല്ല മലയാള സിനിമകൾ വിട്ട് ഹിന്ദി അവസരങ്ങൾക്ക് പോവാൻ തോന്നിയില്ലെന്നാണ് നടി മുമ്പൊരിക്കൽ പറഞ്ഞത്.
മികച്ച നർത്തകി കൂടിയാണ് ശോഭന. സിനിമകളിൽ തിരക്കു പിടിച്ച കാലത്തും നൃത്തത്തിന് പ്രഥമ പരിഗണന ശോഭന കൊടുത്തിരുന്നു. ഒരു ഡാൻസ് സ്കൂളും ശോഭന നടത്തുന്നുണ്ട്. സിനിമകളിൽ നിന്ന് മാറിത്തുടങ്ങിയപ്പോഴാണ് നൃത്താധ്യാപനത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത്. തമിഴിൽ ചെയ്ത സിനിമകളിൽ തുടക്ക കാലത്ത് ഒരുപിടി പരാജയ സിനിമകൾ ശോഭനയ്ക്കുണ്ടായി.
അതേസമയം ദളപതി എന്ന എവർഗ്രീൻ സിനിമയിലെ നായികയാവാൻ ശോഭനയ്ക്ക് കഴിഞ്ഞു. ഇന്നും ഈ സിനിമയിലൂടെയാണ് നടിയെ തമിഴർ തിരിച്ചറിയുന്നത്. രജിനികാന്ത് നായകനായ സിനിമയിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത സിനിമയ്ക്ക്
ഇന്നും ആരാധരുണ്ട്. ഈ സിനിമയ്ക്ക് മുമ്പ് തമിഴിൽ ചെയ്ത സിനിമയ്ക്കിടെയുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശോഭന. സിനെ ഉലകം ചാനലിനോടാണ് പ്രതികരണം.
ശിവ എന്ന സിനിമയെക്കുറിച്ചാണ് ശോഭന സംസാരിച്ചത്. രജിനികാന്തും ശോഭനയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ശിവ. ‘ശിവയിൽ ആദ്യം ഒരു മഴയത്തുള്ള രംഗം എടുത്തു. എനിക്കറിയില്ലായിരുന്നു. ട്രാൻസ്പരന്റായ വെള്ള സാരിയായിരുന്നു. ഉള്ളിൽ ധരിക്കാൻ ഒന്നുമില്ലേയെന്ന് ഞാൻ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. വീട്ടിൽ പോയി വരാനും സമയമില്ല. പ്രീമെഡിറ്റേറ്റഡ് മർഡർ പോലെയായിരുന്നു അത്. എനിക്കൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നു. വലിയ പ്രൊഡക്ഷൻ കമ്പനിയാണ്’
‘നമ്മളാൽ വൈകിപ്പോവരുതെന്നുണ്ടായിരുന്നു. എന്ത് ചെയ്യുമെന്ന് നോക്കി. എവിഎം സ്റ്റുഡിയോയിൽ പ്ലാസ്റ്റിക്കിന്റെ ഒരു ടേബിൾ ക്ലോത്ത് ഉണ്ടായിരുന്നു. അതെടുത്ത് ഞാൻ ഉള്ളിൽ ധരിച്ചു. പാവാടയ്ക്കുള്ളിൽ. പത്ത് മിനുട്ടിനുള്ളിൽ ഞാൻ റെഡിയായി. രജിനി സാർ എന്നെ എടുക്കണം. എന്നെ എടുത്തപ്പോൾ പ്ലാസ്റ്റിക്കിന്റെ ശബ്ദം വന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുഖം എനിക്കിപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹം പോയി പറയുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ അദ്ദേഹം പറഞ്ഞില്ല,’ ശോഭന പറഞ്ഞു.
രജിനി സാർ സ്ക്രീനിൽ ഒപ്പമുള്ളയാളെ കംഫർട്ടബിളാക്കുമെന്നും നടി വ്യക്തമാക്കി. ദളപതി എന്ന സിനിമ ചെയ്യുമ്പോൾ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും കാരണം ജോലി ചെയ്യുന്ന സമയം വളരെ കൂടുതലായിരുന്നെന്നും ശോഭന ഓർത്തു. വീട്ടിൽ പോവാൻ പറ്റില്ലായിരുന്നു അതാണ് തന്നെ അന്ന് വിഷമിപ്പിച്ചതെന്നും ശോഭന ചിരിച്ച് കൊണ്ട് പറഞ്ഞു.