NationalNews

മോദി റോഡ്‌ഷോയും റാലിയും നടത്തിയിടത്തെല്ലാം തങ്ങൾ വിജയിച്ചു;നന്ദി പ്രകടിപ്പിച്ച് ശരദ് പവാര്‍

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിനേറ്റ തിരിച്ചടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻ.സി.പി. (എസ്‌പി.) നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി തിരഞ്ഞെടുപ്പ് റാലികളും റോഡ്‌ഷോയും നടത്തിയിടത്തെല്ലാം മഹാവികാസ് അഘാഡി സഖ്യത്തിന് വിജയിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. മഹാവികാസ് അഘാഡി നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി റോഡ്‌ഷോയും റാലിയും നടത്തിയിടത്തെല്ലാം തങ്ങൾ വിജയിച്ചു. അതിനാൽ, അദ്ദേഹത്തോട് നന്ദി പറയേണ്ടത് തന്റെ കടമയാണ്. മഹാവികാസ് അഘാഡിക്ക് അനുകൂലമായി രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചതിന് മോദിയോട് തങ്ങൾ നന്ദി പറയുന്നുവെന്നും പവാർ പരിഹസിച്ചു.

ബിജെപി. സഖ്യം വിട്ട് മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും നിലവിലെ സഖ്യം മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം തുടക്കം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വിജയം ആവർത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അജിത് പവാറിനെ തിരിച്ചെടുക്കാനുള്ള സാധ്യത ശരദ് പവാറും തള്ളി.

പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ സീറ്റുകളുള്ള മഹാരാഷ്ട്ര പിടിച്ചെടുക്കുക ബിജെപി. സഖ്യം അഭിമാനപ്രശ്‌നമായാണ് ഏറ്റെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റിൽ വിജയിക്കാൻ മാത്രമാണ് മഹാരാഷ്ട്രയിൽ ബിജെപിക്ക് സാധിച്ചത്.

2019ലെ തെരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ ബിജെപി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്പ്രകാരം നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയ ഭൂരിപക്ഷം സീറ്റിലും ബിജെപിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. 18ഓളം ലോക്‌സഭ മണ്ഡലങ്ങളിൽ മോദി റാലികളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്. ബാക്കിയുള്ള 15 മണ്ഡലങ്ങളിലും പാർട്ടി തോറ്റു. മുംബൈയിൽ മാത്രം ആറ് ലോക്‌സഭ മണ്ഡലങ്ങളിലാണ് മോദി പ്രചാരണത്തിനെത്തിയത്. എന്നാൽ വിജയിച്ചത് രണ്ട് സീറ്റുകളിൽ മാത്രമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button