മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് നമ്മുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. മോഹൻലാലിനെ നായകനാക്കി പത്മരാജൻ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. 1986 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്.
ചിത്രത്തിൽ നായികയായി എത്തിയത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങിയിട്ടുള്ള ശാരി ആയിരുന്നു. ശാരിയുടെ രണ്ടാമത്തെ മലയാള സിനിമ ആയിരുന്നു ഇത്. വെള്ളാരം കണ്ണുള്ള സുന്ദരിയായ ശാരിയെ മലയാളി പ്രേക്ഷകർ അതോടെ ഏറ്റെടുക്കുകയായിരുന്നു. നിരവധി സിനിമകളിലാണ് നടി പിന്നീട് അഭിനയിച്ചത്.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയിട്ടുണ്ട് ശാരി. വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇടയ്ക്കിടെ ചില മലയാള സിനിമകളുടെ ഭാഗമായിരുന്നു. പിന്നീട് ഒരു ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ വർഷമാണ് നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ജനഗണമന എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു ശാരിയുടെ തിരിച്ചുവരവ്.
അന്ന് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിൽ ശാരി നമ്മുക്കു പാർക്കാം മുന്തിരി തോപ്പുകളിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവച്ചിരുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പം റൊമാന്റിക് സീനുകളിൽ അഭിനയിച്ചതിനെ കുറിച്ചൊക്കെ നടി മനസ് തുറന്നിരുന്നു. ഇപ്പോഴിതാ, നടിയുടെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. ശാരിയുടെ വാക്കുകൾ വായിക്കാം വിശദമായി.
‘മോഹൻലാലിനോടൊപ്പം അന്ന് അഭിനയിക്കുമ്പോൾ പേടിയൊന്നും തോന്നിയിട്ടില്ല. ഭാഷ പ്രശ്‌നം ഉള്ളത് കൊണ്ട് ഡയലോഗ് തെറ്റരുത്. അദ്ദേഹത്തെ മൂഡ് ഓഫ് ആക്കരുത് എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരും കൂൾ ആയിരുന്നു. സംവിധായകനും കൂൾ ആയിരുന്നു. അങ്ങനെ ഒരു സംവിധായകന്റെ സിനിമയിൽ പുതുമുഖമായ എനിക്ക് അവസരം കിട്ടിയതേ വലിയ ഭാഗ്യമാണ്.
റൊമാൻസും ഇന്റിമേറ്റ് സീനുകൾ ഒക്കെ ചെയ്തത് യാതൊരു ഫീലും തോന്നാതെയാണ്. എങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീർത്താൽ മതിയെന്ന് ഉണ്ടായിരുന്നു. ഈ ഭാഷ പ്രശ്‌നമുള്ളത് കൊണ്ട് തന്നെ അതിന്റെ ആശങ്ക ഉണ്ടായിരുന്നു. ഒത്തിരി ടേക്ക് പോകാൻ പാടില്ല എന്നൊക്കെ ആയിരുന്നു മനസ്സിൽ.
നമ്മുക്ക് മുന്തിരി തോപ്പുകളിൽ പോയി രാപ്പാർക്കാം എന്ന ഡയലോഗൊക്കെ പറഞ്ഞപ്പോൾ ഇതൊക്കെ ബൈബിളിൽ ഉണ്ടോയെന്ന് ഞാൻ സംവിധായകനോട് ചോദിച്ചിരുന്നു. ഈ റൊമാൻസൊക്കെ ബൈബിളിൽ ഉള്ളതാണോയെന്ന്. അതൊക്കെ ഉണ്ടെന്ന് ആയിരുന്നു മറുപടി.
ആ സീനുകൾ കാണുമ്പോൾ ഒരു കവിത പോലെ തോന്നും. ലാലേട്ടൻ പറയുന്നത് കേൾക്കാൻ തന്നെ രസമാണ്. ഈയിടെ ലോക്ക്ഡൗൺ സമയത്ത് കണ്ടിരുന്നു. ആ സിനിമ വീണ്ടും കാണാൻ തോന്നാറുണ്ട്. ഭയങ്കര സന്തോഷമാണ് ആ സിനിമ കാണുമ്പോൾ. കാണാൻ ഇരുന്നാൽ മുഴുവൻ കണ്ട് പോകും. അങ്ങനെ കണക്റ്റ് ചെയ്യുന്ന സിനിമയാണ്.
അന്ന് ഡയലോഗുകൾ ഒക്കെ പറയാനും പഠിക്കാനും സഹായിച്ചത് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ സുരേഷ് ഉണ്ണിത്താനാണ്. അദ്ദേഹത്തിന്റെ കാര്യം പറയാതിരിക്കാൻ കഴിയില്ല. അത്രയും ഞാൻ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ചെയ്യും. അങ്ങനെ ആയിരുന്നു. പിന്നെ എനിക്ക് എല്ലാം കൃത്യമായി പറഞ്ഞു തന്നിരുന്നത് കാർത്തിക ആയിരുന്നു. ആൾ നല്ല സപ്പോർട്ട് ആയിരുന്നു. ഇപ്പോഴും ഇടയ്ക്ക് വിളിക്കാറുണ്ട്,’ ശാരി പറഞ്ഞു.