കൊച്ചി:മുന്‍ഭര്‍ത്താവും നടനുമായ ബാലയുടെ ആരോപണങ്ങള്‍ക്കു ശക്തമായ മറുപടിയുമായി ഗായിക അമൃത സുരേഷ്. ആചാര്യ ചാണക്യ ലോയേഴ്‌സ് ആന്‍ഡ് കണ്‍സല്‍ട്ടന്റ്‌സിന്റെ പാര്‍ട്ണര്‍മാരായ അഡ്വ.രജനി, അഡ്വ.സുധീര്‍ എന്നിവര്‍ക്കൊപ്പമാണ് അമൃത, ബാലയുടെ ആരോപണങ്ങളോട് നിയമത്തിന്റെ ഭാഷയില്‍ പ്രതികരിച്ചത്.
വിവാഹമോചനശേഷം ബാല നിരന്തരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാണിച്ച് നിയമസഹായത്തിനായി അമൃത തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് അഡ്വ.രജനി വെളിപ്പെടുത്തി. ഇക്കാര്യത്തിലെ നിയമവശങ്ങള്‍ അഡ്വ.സുധീര്‍ വിശദീകരിച്ചു.
പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികള്‍ തമ്മില്‍ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാറില്‍ ഇരുവരും ഒപ്പുവച്ചതാണെന്നും എന്നാല്‍ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അഡ്വ.സുധീര്‍ വ്യക്തമാക്കി. മകളെ കാണിക്കാന്‍ അമൃത അനുവദിക്കുന്നില്ലെന്ന ബാലയുടെ ആരോപണങ്ങളോട് സുധീര്‍ നിയമവശങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കി.
കോടതി വിധി അനുസരിച്ച് മകള്‍ക്ക് 18 വയസ്സ് തികയുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്. എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കോടതിവളപ്പില്‍ വച്ച് ബാലയ്ക്ക് മകളെ കാണാന്‍ അവകാശമുണ്ട്. അല്ലാതെ മറ്റ് വിശേഷ ദിവസങ്ങളിലോ ഉത്സവകാലങ്ങളിലോ മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ബാലയ്ക്ക് അനുവാദമില്ല.
വിവാഹമോചനശേഷമുള്ള ആദ്യ രണ്ടാം ശനിയാഴ്ച അമൃത മകളെയും കൂട്ടി കോടതിവളപ്പില്‍ ചെന്നെങ്കിലും അന്ന് ബാല എത്തിയില്ല. പറഞ്ഞുറപ്പിച്ച ദിവസം തമ്മില്‍ കാണുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, കോടതിയില്‍ നല്‍കിയ ഇമെയില്‍ വിലാസത്തിലൂടെയോ ഫോണ്‍ കോളിലൂടെയോ അമൃതയെ വിവരം അറിയിക്കണം എന്നുമുണ്ട്. എന്നാല്‍ തനിക്ക് മെസ്സേജ് വരികയോ ഇമെയില്‍ അയക്കുകയോ ചെയ്തിട്ടില്ലെന്ന് അമൃത പറയുന്നു. മകളെ കാണിക്കുന്നില്ലെന്ന് ബാല സമൂഹമാധ്യമങ്ങളിലൂടെ പറയുക മാത്രമാണ് ചെയ്യുന്നത്.
താന്‍ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ഉദ്ദേശ്യമെന്ന് അമൃത പറയുന്നു. കോമ്പ്രമൈസ് പെറ്റീഷന്‍ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്കു നല്‍കിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷന്‍ പ്രകാരം കുഞ്ഞിനെ വളര്‍ത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറയുന്നില്ല
ബാലയ്‌ക്കെതിരെ പോക്‌സോ കേസ് കൊടുത്തതായി രേഖയില്ല. പോക്‌സോ പ്രകാരം കേസ് ഉണ്ടെങ്കില്‍ പോലീസ് റിമാന്‍ഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല.
അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനര്‍ ആയ കുഞ്ഞിന്റെ കാര്യങ്ങളിലൊന്നും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളില്‍ ലംഘനമുണ്ടായാല്‍ നിയമപരമായി നേരിടാന്‍ അഭിഭാഷകര്‍ക്ക് അമൃത അനുവാദം നല്‍കിയിട്ടുണ്ട്.