ഭാര്യ മറ്റൊരു യുവാവിനൊപ്പംപോയി; വിഷംനൽകി മക്കളെ അപായപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ

കൊയിലാണ്ടി: രണ്ട് മക്കള്‍ക്ക് വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികള്‍ അപകടനില തരണംചെയ്തതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു ഇയാളുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ മറ്റൊരു യുവാവിനോടൊപ്പം പോയിരുന്നു. തുടര്‍ന്ന് കുട്ടികളെ ബന്ധുവീട്ടിലാക്കുകയായിരുന്നു. കഴിഞ്ഞദിവസം കുട്ടികളെ ബന്ധുവീട്ടില്‍നിന്ന് കൊണ്ടുപോയപ്പോള്‍, സംശയം തോന്നിയ ബന്ധുക്കള്‍ അക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊയിലാണ്ടി, വടകര പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടികളെ രക്ഷിക്കാനായത്.

കുട്ടികളെ ഉപേക്ഷിച്ച് പോയതിനെത്തുടര്‍ന്ന് അമ്മയുടെയും സുഹൃത്തായ യുവാവിന്റെയുംപേരില്‍ പോലീസ് കേസെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News