കാത്തിരുന്ന അപ്ഡേറ്റ് വരുന്നു; വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

ഉപഭോക്താക്കള്‍ ഏറെ നാളുകളായി കാത്തിരുന്ന അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയക്കുകയെന്നതാണ് വാട്ട്സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ വലിയ സൈസുള്ളു ഫയലുകള്‍ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതര്‍ പരിഹാരം കാണുന്നത്.

100എംബി ഫയല്‍ സൈസ് മാത്രമാണ് ഇപ്പോള്‍ വാട്ട്സ് ആപ്പിലൂടെ അയക്കാന്‍ സാധിക്കുന്നതെങ്കില്‍ ഇനി അത് 2ജിബി വരെ ഉയര്‍ത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. അര്‍ജന്റീനയിലെ ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ വേര്‍ഷന്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജി-മെയിലില്‍ പോലും 25 എംബി മാത്രമേ അയക്കാന്‍ സാധിക്കൂവെന്ന വസ്തുത നിലനില്‍ക്കെയാണ് മറ്റ് ആപ്ലിക്കേഷനുകളെയെല്ലാം കവച്ചുവയ്ക്കുന്ന കിടിലന്‍ നീക്കവുമായി വാട്ട്സ് ആപ്പ് എത്തുന്നത്.

ഏറ്റവും ജനപ്രീതിയുള്ള വാട്ട്സ് ആപ്പിന് ശരാശരി രണ്ട് ബില്യണ്‍ ഉപഭോക്താക്കളാണ് ലോകമെമ്പാടുമായി ഉള്ളത്. ഫേസ്ബുക്കിന് 1.3 ബില്യണും, വീ ചാറ്റിന് 1.2 ബില്യണ്‍ ഉപഭോക്താക്കളും മാത്രമാണ് ഉള്ളതെന്ന് പറയുമ്പോള്‍ തന്നെ വാട്ട്സ് ആപ്പിന്റെ ജനപ്രീതി നമുക്ക് മനസിലാക്കാം. അതില്‍ തന്നെ ഇന്ത്യന്‍ ഉപഭോക്താക്കളാണ് മുന്നിട്ട് നില്‍ക്കുന്നത്. 487 മില്യണ്‍ ഉപഭോക്താക്കളാണ് വാട്ട്സ് ആപ്പിന് ഇന്ത്യയില്‍ ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News