വാട്ട്സ്ആപ്പ് പഴയ വാട്ട്‌സ്ആപ്പല്ല! വരുന്നത് വന്‍ മാറ്റങ്ങള്‍
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വാട്ട്സ്ആപ്പില്‍ വരും ആഴ്ചകളിലായി വലിയ മാറ്റങ്ങളുണ്ടാകും. ഇമോജി റിയാക്ഷന്‍സ്, ഫയല്‍ ഷെയറിങ്, വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തല്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കല്‍ തുടങ്ങിയ മാറ്റങ്ങളെപ്പറ്റി കൂടുതലറിയാം.
നിലവില്‍ വാട്ട്‌സ് ആപ്പിലൂടെ പങ്കുവെക്കാന്‍ സാധിക്കുന്നത് 100 എം.ബി വരെയുള്ള ഫയലുകള്‍ മാത്രമാണ്. എന്നാല്‍ പുതിയ അപ്‌ഡേറ്റിലൂടെ 2 ജിബി വരെയുള്ളവ ഷെയര്‍ ചെയ്യാം. ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സമാനമായി ചാറ്റിനുള്ളില്‍ ഇമോജി റിയാക്ഷന്‍ നല്‍കാന്‍ കഴിയുന്നതാണ് മറ്റൊരു മാറ്റം. ഗ്രൂപ്പിനകത്തോ വ്യക്തിഗതമായോ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ അതിനോടുള്ള പ്രതികരണം എന്ന തരത്തില്‍ ഈ ഓപ്ഷന്‍ ഇനി മുതല്‍ ഉപയോഗിക്കാം.
വാട്ട്സ്ആപ്പ് അപ്പ്‌ഡേറ്റാവുന്നതോടെ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരവും ലഭിക്കും. ഗ്രൂപ്പ് ചാറ്റുകളില്‍ നിന്ന് തെറ്റായ, പ്രശ്‌നമുള്ള സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ അഡ്മിന്‍മാര്‍ക്ക് ഇനിമുതല്‍ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. നിലവില്‍ എട്ട് പേര്‍ക്ക് മാത്രമാണ് ഒരു ഗ്രൂപ്പ് വോയ്സ് കോളില്‍ ഭാഗമാകാന്‍ സാധിക്കുന്നത്. ഇനിമുതല്‍ ഒരു ഗ്രൂപ്പ് വോയ്സ് കോളില്‍ 32 പേരെ വരെ അനുവദിക്കാനാവും എന്നതാണ് സുപ്രധാന മാറ്റം.