കൊലക്കേസില്‍ നിന്ന് ഊരിപ്പോകാന്‍ നിയമബിരുദമെടുത്ത് സ്വയം വാദിച്ച് പ്രതി; ഒടുവില്‍ ജീവപര്യന്തം!
ലക്‌നൗ: കൊലപാതകക്കേസില്‍ നിന്ന് ഊരിപ്പോകാനായി നിയമബിരുദമെടുത്ത് കോടതിയില്‍ സ്വയം വാദിച്ച അഭിഭാഷകന് ജീവപര്യന്തം തടവ് വിധിച്ച് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ല സെഷന്‍സ് കോടതി. ഇയാള്‍ക്കൊപ്പം മറ്റ് ആറ് പ്രതികള്‍ക്കും ജീവപര്യന്തവും 11.32 ലക്ഷം രൂപ പിഴയും ലഭിച്ചു. കാണ്‍പൂര്‍ ദേഹത് ജില്ല സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ ഝായുടേതാണ് വിധി. കൊലപാതകം ചെയ്ത ശേഷം പ്രതി രാമു നിയമബിരുദം നേടി.
തുടര്‍ന്ന് ആറ് വര്‍ഷം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. എന്നാല്‍ സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും പുറത്തുവന്നതോടെയാണ് ഇയാള്‍ കുടുങ്ങിയത്. ബാബു ലാല്‍ എന്നയാളുടെ മകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രവീന്ദ്ര തട്ടിക്കൊണ്ടുപോയതാണ് സംഭവത്തിന്റെ തുടക്കം. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന്, 2009 ജൂലൈ 18 ന് രാവിലെ രവീന്ദ്രയും കൂട്ടുപ്രതികളും ബാബു ലാലിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെയും ഭാര്യ ശാന്തി ദേവിയെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ബാബുവിന്റെ അയല്‍വാസികളായ ദേവി ചരണ്‍, ഗംഗാചരണ്‍, കാളി ചരണ്‍ എന്നീ മൂന്ന് സഹോദരന്മാരാണ് ഓടിയെത്തി പ്രതികളെ പ്രദേശത്തുനിന്നും ഓടിച്ചത്.
തുടര്‍ന്ന് ബാബു ലാലിനും ഭാര്യയ്ക്കുമൊപ്പം ദേവി ചരണ്‍, ഗംഗാ ചരണ്‍, കാളി ചരണ്‍ എന്നിവര്‍ കേസ് നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. ചൗബേപൂരിലേക്ക് പോകുന്ന വഴി രവീന്ദ്ര, ഹരി റാം, രാം ദയാല്‍, ധര്‍മേന്ദ്ര, രാജീവ്, രാമു, സലീം, ഗബ്ബാര്‍ തുടങ്ങിയ പ്രതികള്‍ കുടുംബത്തിനെ ആക്രമിച്ചു.
ബാബു ലാലിനെയും ഭാര്യയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗംഗാ ചരണ്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. തുടര്‍ന്ന് ദേവി ചരണാണ് ഏഴ് പ്രതികള്‍ക്കെതിരെയും പരാതി നല്‍കിയത്. എന്നാല്‍ ബാബു ലാലും ശാന്തിയും രണ്ട് പ്രധാന സാക്ഷികളും വാദത്തിനിടെ കൂറുമാറിയിരുന്നു. എന്നിട്ടും മറ്റ് സാക്ഷിമൊഴികളുടെയും കൃത്യമായ തെളിവുകളുടെയും ബലത്തിലാണ് മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെട്ടത്.