തൃശൂര്‍:ഇടതുപക്ഷ പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കവി കെ. സച്ചിദാനന്ദൻ. ഫലിതമായി പറഞ്ഞത് പ്രസ്താവനയാക്കി പ്രചരിപ്പിച്ചുവെന്നു സച്ചിദാനന്ദൻ പറഞ്ഞു. താൻ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിർവചിക്കാനാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് കേരളത്തിൽ വന്നത്. ഇനി രാഷ്ട്രീയ അഭിമുഖങ്ങൾക്കില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
നമ്മുടെ മാധ്യമ ധാര്‍മികത വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണത്തുടർച്ച അഹങ്കാരമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു നേതാവിനെമാത്രം ആരാധിക്കുന്ന സ്ഥിതിവിശേഷത്തിന് ആ നേതാവിനെമാത്രം കുറ്റം പറയാനാവില്ല. ഈ ആരാധനയ്ക്കു പിന്നിലെ മനഃശാസ്ത്രം കൃത്യമായി വിലയിരുത്തപ്പെടേണ്ടതാണ്. എന്നാൽ, കേരളത്തിൽ ഇത്തരത്തിൽ വ്യക്തി ആരാധന ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നതു സമ്മതിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇതു വളരെ ദോഷമാണ്. സ്റ്റാലിൻ കാലത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അതു കണ്ടതാണെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.