KeralaNews

Vijay babu:ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്’? ചോദ്യവുമായി ഡബ്ല്യൂസിസി

കൊച്ചി: യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ മറ്റൊരു യുവതിയും വിജയ് ബാബുവിന് എതിരെ മീടൂ ആരോപണം ഉന്നയിച്ച് രംഗത്ത് രംഗത്ത് വന്നിട്ടുണ്ട്. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത യുവതി ആരോപണം ഉന്നയിച്ചത്. ഇവർ പരാതി നൽകാത്തതിനാൽ പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടില്ല. അതേസമയം പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ബാബുവിന് എതിരെ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്ത് വന്നിരിക്കുകയാണ്. വിജയ് ബാബുവിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടതെന്ന് ഡബ്ല്യൂസിസി ചോദിക്കുന്നു.

വിമൻ ഇൻ സിനിമ കളക്ടീവ് പങ്കുവെച്ച കുറിപ്പ് വായിക്കാം: ” പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനാൽ നടി പീഢന പരാതി ഉയർത്തി, വിവാഹിതനായ തൻ്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നു എന്നും പറഞ്ഞ് വിജയബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അതേ സന്ദർഭത്തിലാണ് കുറച്ചു മണിക്കൂർ മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയോട് അയാൾ നടത്തിയ ലൈംഗിക ശ്രമം പുറത്തു വരുന്നത്. ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്?

തനിക്കെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതൽ, സോഷ്യൽ മീഡിയയിൽ അവൾ അപമാനിക്കപ്പെടുകയാണ്. സുപ്രീം കോടതിയുടെ ലൈംഗിക പീഡനത്തിന്റെ നിർവ്വചനത്തിൽ സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിൽ നടത്തുന്ന ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും ഉൾപ്പെടും. ഇത്തരത്തിൽ സോഷ്യൽ മീഡിയകളിലും മറ്റു പൊതുയിടങ്ങളിലും ഇരയെ അപമാനിക്കുന്നത്, ഇതേ നിയമത്തിനു കീഴിൽ ശിക്ഷാർഹമാണ്. നിശ്ശബ്ദത മുറിച്ച് സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. #അവൾക്കൊപ്പം”

വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് പേജിൽ വന്ന കുറിപ്പ് ഇങ്ങനെ: ” എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എൻ്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു “ഒരു ചുംബനം മാത്രം?”. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി. കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.

ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നു. അതുവരെയുള്ള എന്റെ സ്വപ്‌നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.

അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എൻറെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ
സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക്‌ വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ.. കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – “സ്ത്രീകൾക്ക് സുരക്ഷിതമല്ല” എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്. നന്ദി,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button