EntertainmentKeralaNews

‘എന്താ നിന്റെ ഓഫർ? എന്റെ കയ്യിലാണ് ഇപ്പോൾ നിന്റെ വിവാഹം’: വിവാഹവേദിയിൽ പൃഥ്വി

യുവ ചലച്ചിത്ര നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയ ചടങ്ങിൽ ചിരി പടർത്തി പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ. വിശാഖിന്റെയും പ്രതിശ്രുതവധു അദ്വൈതയുടെയും വിവാഹം നടക്കുന്നതിനു പിന്നിൽ ചെറിയൊരു കഥയുണ്ടെന്ന ആമുഖത്തോടെയാണ്, വിവാഹം തീരുമാനിക്കുന്നതിനു മുമ്പു നടന്ന സംഭവം പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ: ‘‘അദ്വൈതയുടെ കുടുംബത്തെ എനിക്ക് നേരത്തേ അറിയാം. വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം ഉറപ്പിക്കുന്ന തീരുമാനം എടുക്കുന്നതിനു മുമ്പ് ഞാനും വിശാഖും തമ്മിലുള്ള ബന്ധം അറിയാതെ വിശാഖിനെക്കുറിച്ച് അദ്വൈതയുടെ കുടുംബത്തിൽനിന്ന് ഒരു അന്വേഷണം വന്നു. വിശാഖ് എങ്ങനെയുള്ള പയ്യനാണെന്ന് പൃഥ്വിരാജിനോട് ചോദിക്കാം… സിനിമയിലാണല്ലോ എന്നൊരു ചർച്ച അദ്വൈതയുടെ കുടുംബത്തിൽ നടന്നിരുന്നു. അതു പ്രകാരം അവർ എന്നെ വിളിച്ചു. ഞാൻ ഒരു മിനിറ്റ് എന്നു പറഞ്ഞ്, വിശാഖിനെ ഫോണിൽ വിളിച്ചു. പറയെടാ… എന്താ നിന്റെ ഓഫർ? എന്റെ കയ്യിലാണ് ഇപ്പോൾ നിന്റെ വിവാഹം എന്നു പറഞ്ഞു.’’

പൃഥ്വിരാജിന്റെ വാക്കുകളെ പൊട്ടിച്ചിരിയോടെയാണ് സദസ്സ് സ്വീകരിച്ചത്. വിവാഹം നടക്കാൻ എന്തു വേണമെങ്കിലും ചെയ്യാമെന്നായിരുന്നു വിശാഖിന്റെ ഓഫറെന്ന് പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ‘എന്തു വേണമെന്ന് ഉടനെ തന്നെ പറയുന്നതായിരിക്കും’ എന്ന് വിശാഖിനെ ഓർമിപ്പിച്ചാണ് പൃഥ്വിരാജ് പ്രതിശ്രുത വരനും വധുവിനും ആശംസകൾ നേർന്നത്. വിവാഹം കഴിക്കാതെ പാറി നടക്കുന്ന പ്രണവ് മോഹൻലാലിനെക്കുറിച്ച് പരാമർശിക്കാനും പൃഥ്വിരാജ് മറന്നില്ല. പ്രണവ് മോഹൻലാലിനെപ്പോലെ ബാച്ചിലർ ജീവിതം ആഘോഷിക്കുന്നവരെ അസൂയയോടെ നോക്കിക്കാണുന്നുണ്ടെന്നും പൃഥ്വിരാജ് കുസൃതിയോടെ വെളിപ്പെടുത്തി.

ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ട് നിർമാണരംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകി. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്.

സിനിമാനിർമാതാവ് എന്ന നിലയിൽ വിശാഖിന്റെ വളർച്ചയെക്കുറിച്ചും പൃഥ്വിരാജ് വിവാഹനിശ്ചയ വേദിയിൽ പരാമർശം നടത്തിയിരുന്നു. ‘‘വിശാഖിനെ എനിക്കും വളരെ ചെറുപ്പം മുതൽ അറിയാം. പരിശ്രമശാലിയായ യുവാവാണ്. സിനിമാ നിർമാതാവ് ആകുന്നതിനു മുമ്പു തന്നെ തിരുവനന്തപുരം സർക്കിളിൽ ‘ഇവൻ എന്തെങ്കിലുമൊക്കെ ആവും’ എന്ന് സംസാരമുണ്ട്. ഇപ്പോൾ ആ പരിശ്രമശാലിയായ യുവാവ് വിജയിച്ച ചലച്ചിത്രനിർമാതാവായി. വിശാലിനും അദ്വൈതയ്ക്കും ആശംസകൾ’’ പൃഥ്വിരാജ് പറഞ്ഞു.

തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button