EntertainmentKeralaNews

‘മലയാള താരങ്ങള്‍ താടിവയ്‍ക്കുന്നതിന്റെ കാരണമെന്ത്’, ശ്രീരാമന്റെ കത്തിന് മറുപടിയുമായി മോഹൻലാല്‍

കൊച്ചി: മലയാള സിനിമയിലെനടീനടൻമാരുടെ സംഘടനയായ അമ്മയുടെ പൊതുയോഗമായിരുന്നു ഇന്നലെ. യോഗത്തിന്റെ പശ്ചാത്തലത്തില്‍ രസകരമായ ഒരു കത്ത് മോഹൻലാലിന് എഴുതിയിരിക്കുകയാണ് നടൻ വി കെ ശ്രീരാമൻ. അതേ കുസൃതിയോടെ തന്നെ ശ്രീരാമന് മോഹൻലാല്‍ മറുപടിയും അയച്ചു. ശ്രീരാമൻ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹൻ്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം എന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി.

വി കെ ശ്രീരാമന്റെ കുറിപ്പ്

ഇന്ന് മിഥുനം പതിനൊന്നാണ്.
തിങ്കളാഴ്‍ചയുമാണ്.
ഇന്നലെ, അല്ല മിനിഞ്ഞാന്നുവന്നതാണ് കൊച്ചിക്ക് .
നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.
ആൺതാരങ്ങളും പെൺ താരങ്ങളും ധാരാളം.
കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.


ഇവരൊക്കെ  ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം?
ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിന്റെ ദൃഷ്‍ടാന്തമാണോ?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ
ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു,
ഇപ്പോള്‍ ‘രോമത്തിന് താരത്തിലുള്ള സ്വാധീന’മെന്ന വിഷയത്തിൽ ഒരുപ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്‍ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിൻ്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു.


അതവസാനിക്കുന്നതിങ്ങനെ, ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം.
ആകയാലും പ്രിയരേ.

മോഹൻലാല്‍ അയച്ച മറുപടിയുടെ ഒരു ഫോട്ടോയും ശ്രീരാമൻ പങ്കുവെച്ചിട്ടുണ്ട്. ഗൂഢാര്‍ഥ ശൃംഗാര വിന്യാസത്തില്‍ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം. എന്തായാലും രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിലുള്ള ചര്‍ച്ച് അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം, രോമപൂര്‍വം എന്നുമാണ് മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button