ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍,പ്രതാപ് പോത്തന് സംഭവിച്ചതെന്ത്?

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 

1952 ല്‍ തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തന്‍ ഊട്ടിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദത്തിനു പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ ജോലി ചെയ്തു.

1978 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ‘ആരവ’ത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എണ്‍പതുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ തരംഗമായിരുന്നു. ഭരതന്‍ ചിത്രം ‘തകര’യിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച പ്രതാപ് പോത്തന്‍ ചാമരം, അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്.

ഒരു യാത്രാമൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. പ്രശസ്ത നിര്‍മാതാവ് ഹരി പോത്തന്‍ സഹോദരനാണ്.

1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News