‘ഫാൻസ് എതിരെ നിന്നു, കല്ലേറ് കിട്ടുമോയെന്ന ആശങ്ക; മോഹൻലാലിന്റെ മാജിക് ഷോയ്ക്ക് സംഭവിച്ചത്’
കൊച്ചി:മോഹൻലാലിന്റെ അഭിനയ മികവിനെക്കുറിച്ച് വാചാലരായ പ്രഗൽഭർ ഏറെയാണ്. ആക്ഷനും കട്ടിനുമിടയിൽ കഥാപാത്രമായി ജീവിക്കുന്ന മോഹൻലാൽ പിന്നണി ഗാന രംഗത്തും ശ്രദ്ധേയ സാന്നിധ്യമായി. സംഗീതത്തോടെ എന്നും മോഹൻലാലിന് കമ്പമുണ്ട്.
മോഹൻലാലിന് പ്രിയപ്പെട്ട മറ്റൊരു മേഖലയാണ് മാജിക്ക്. കേരളത്തിൽ മുമ്പൊരിക്കൽ നടന്ന വലിയൊരു മാജിക് കൺവെൻഷനിൽ മാജിക് അവതരിപ്പിക്കാൻ മോഹൻലാൽ തയ്യാറെടുത്തതുമാണ്. എന്നാൽ അന്ന് ചില അപ്രതീക്ഷിത വിവാദങ്ങളുണ്ടായി.
മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് സഫാരി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലാലേട്ടൻ വലിയൊരു നടനാണ്. അതിനൊപ്പം അദ്ദേഹം ഏത് കലയും വഴങ്ങുന്ന കലാകാരനാണ്. ജാലവിദ്യ എന്നത് വളരെ ടഫ് ആയ ആർട്ടാണെങ്കിലും വളരെ നിസാരമായി അഭിനയിപ്പിക്കാനുള്ള കരവിരുത് മോഹൻലാലിനുണ്ട്. അദ്ദേഹം ആദ്യം വിദേശത്ത് മോഹൻലാൽ മാജിക് ലംപ് എന്ന ജാലവിദ്യ പരിപാടി നടത്തിയിട്ടുണ്ടായിരുന്നു.
ഒരിക്കൽ മാജിക് അക്കാദമിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി അദ്ദേഹത്തെ വിളിച്ചു. ഞാനൊരു മാജിക് അവതരിപ്പിച്ച് കൊണ്ട് ചെയ്താലോ എന്ന് അദ്ദേഹം ചോദിച്ചു. ആ മാജിക് അര മണിക്കൂറിന്റെ ഷോ ആയിരുന്നു. തന്മാത്ര എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അക്കാദമിയിൽ വന്ന് എല്ലാ രാത്രികളിലും പ്രാക്ടീസ് ചെയ്തു. ടാഗോർ തിയറ്ററിൽ വെച്ച് ഗംഭീരമായി ജാലവിദ്യ പരിപാടി നടത്തിയെന്നും ഗോപിനാഥ് മുതുകാട് ഓർത്തു.
മുഖ്യമന്ത്രിയൊക്കെ പരിപാടി കാണാൻ ഉണ്ടായിരുന്നു. മനോഹരമായി മാജിക് ഷോ അവതരിപ്പിച്ചു. ആ സൗഹൃദം വല്ലാത്ത അടുപ്പമായി തുടർന്നു. അങ്ങനെയിരിക്കെ തിരുവനന്തപുരത്ത് വലിയൊരു ഇന്റർനാഷണൽ കൺവെൻഷൻ നടത്താൻ തീരുമാനിച്ചു. ആയിരത്തോളം മാന്ത്രികർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്നു. ഇവിടെ ഒരു മാജിക് ഷോ മോഹാൻലാൽ ചെയ്യാൻ വേണ്ടി തീരുമാനിച്ചെന്നും ഗോപിനാഥ് മുതുകാട് ഓർത്തു.
ബർണിംഗ് ഇല്ല്യൂഷനെന്ന മാജിക്കായിരുന്നു. അത് ഗംഭീരമായി അവതരിപ്പിക്കാൻ അദ്ദേഹം നിരന്തരം പരിശീലനം തുടങ്ങി. മനോഹരമായിരുന്നു. പെർഫോമൻസ് കണ്ട് ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. അത്രമാത്രം മുഖ ഭാവങ്ങളും മാജിക്കിന്റെ സൗന്ദര്യവും ആവാഹിച്ചെടുത്ത് അവതരിപ്പിക്കാനുള്ള അപാരമായ സിദ്ധി അദ്ദേഹത്തിനുണ്ടെന്നും ഗോപിനാഥ് മുതുകാട് ചൂണ്ടിക്കാട്ടി.
എന്നാൽ ഈ മാജിക്ക് വേദിയിൽ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചില്ലെന്നും ഇദ്ദേഹം അന്ന് തുറന്ന് പറഞ്ഞു. മാജിക് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചപ്പോൾ മലയാളം മുഴുവൻ ഏറ്റുപിടിച്ചു. പക്ഷെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു മാന്ത്രികൻ ആ മാജിക്ക് അവതരിപ്പിച്ചാൽ ലാലേട്ടന് പൊള്ളലേൽക്കുമെന്ന് ഒരു പ്രസ് കോൺഫറൻസിൽ പറഞ്ഞു. ഫാൻസ് അസോസിയഷൻ എതിരെ നിന്നു. മാജിക് വേണ്ട എന്ന സാഹചര്യത്തിലെത്തി. ഒരുപക്ഷെ ലാലേട്ടനും ഞാനും ഏറ്റവും കൂടുതൽ വിഷമിച്ച ഘട്ടമാണത്. അപ്പോഴും മോഹൻലാൽ എന്ന നടന്റെ നന്മ മനസിലാക്കേണ്ടതുണ്ടെന്ന് ഗോപിനാഥ് മുതുകാട് ചൂണ്ടിക്കാട്ടി.
ഒരു പ്രസ് കോൺഫറൻസിൽ ഞാൻ അനൗൺസ് ചെയ്യുന്നത് വരെ അദ്ദേഹം പത്രക്കാർക്ക് മുഖം കൊടുത്തില്ല. ഗവൺമെന്റുമായി ബന്ധപ്പെട്ട് നടക്കുന്ന കൺവെൻഷനാണ്. ആരെങ്കിലും കല്ലെറിയുകയോ മറ്റോ ചെയ്താലോ എന്ന് കരുതി മാജിക്കിൽ നിന്ന് പിന്മാറുന്നതാണ് നല്ലതെന്ന് അന്നത്തെ ടൂറിസം മന്ത്രി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇതോടെയാണ് ആ മാജിക്ക് വേണ്ടെന്ന് തീരുമാനിച്ചത്. ലാലേട്ടൻ അന്ന് മാജിക് അവതരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന്റെ മാജിക് രംഗം ലോക മാജിക്കിന് മുന്നിൽ ഒരുപടി കൂടി ഉയരുമായിരുന്നെന്നും ഗോപിനാഥ് മുതുകാട് അന്ന് ചൂണ്ടിക്കാട്ടി.