KeralaNews

ക്ഷേമപെൻഷൻ പോരാടി നേടിയത്, ആരും വെച്ചുനീട്ടിയ ഔദാര്യമല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെൻഷൻ ആരും സൗജന്യമായി വെച്ചുനീട്ടിയ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളിലൂടെയുമാണ് ക്ഷേമപെൻഷനുകൾ ലഭ്യമായത്. ഇതിനായി ശ്രമിച്ചതാരാണെന്നും അത് തടയാൻ തയ്യാറായത് ആരാണെന്നും സമൂഹത്തിന് അറിയാം -അദ്ദേഹം പറഞ്ഞു. കേരള കർഷകത്തൊഴിലാളി യൂണിയന്റെ കേരള പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ക്ഷേമപെൻഷൻ അവകാശമാണെന്ന വാദം ഉയർത്തി മറിയക്കുട്ടി കോടതിയെ സമീപിച്ചത് ഏറെ ചർച്ചയാകുകയും പ്രതിപക്ഷവും ബി.ജെ.പി.യും അത് സർക്കാരിനെതിരേ ആയുധമാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കർഷകത്തൊഴിലാളി പെൻഷൻ സംസ്ഥാനത്ത് നടപ്പാക്കിയത് ഇടതുപക്ഷ സർക്കാരാണ്. അതിനായി കേരള കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷകത്തൊഴിലാളി യൂണിയൻ ഏർപ്പെടുത്തിയ പ്രഥമ കേരളപുരസ്കാരം വി.എസ്. അച്യുതാനന്ദനുവേണ്ടി മകൻ ഡോ. വി.എ. അരുൺകുമാറിന് മുഖ്യമന്ത്രി സമ്മാനിച്ചു. സാമൂഹികജീവിതം മെച്ചപ്പെടുത്തുന്നതിന് സ്വജീവിതം മാറ്റിവെച്ച ധീരനായ വിപ്ലവകാരിയാണ് വി.എസ്. എന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യ പുരസ്കാരങ്ങൾ സുരേഷ് പേരിശ്ശേരി, കെ. രാജേന്ദ്രൻ, ശ്രീജിത്ത് അരിയല്ലൂർ, ഡോ. എ.വി. സത്യേഷ് കുമാർ, നീലിമ വാസൻ, ശ്രീദേവി കെ. ലാൽ എന്നിവർ ഏറ്റുവാങ്ങി.

സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, കെ.എസ്.കെ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, പ്രസിഡന്റ് എൻ.ആർ. ബാലൻ, ആനാവൂർ നാഗപ്പൻ, സി.പി.എം. ജില്ലാസെക്രട്ടറി വി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button