കൊച്ചി:മമ്മൂട്ടി അവസാനം പൂര്‍ത്തിയാക്കിയ ചിത്രം നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്‍റെ കണ്ണൂര്‍ സ്ക്വാഡ‍് ആണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രം പാക്കപ്പ് ആയത്. പാക്കപ്പ് സമയത്ത് മുഴുവന്‍ ടീമിനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ അതിനു താഴെ വന്ന ഒരു കമന്‍റ് ആണ് ശ്രദ്ധ നേടുന്നത്. മറ്റാരുമല്ല, മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നായികയായി എത്തിയ പ്രാചി തെഹ്‍ലാന്‍ ആണ് ഈ ചിത്രത്തിനു താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്.
സിനിമയുടെ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചാണ് പ്രാചിയുടെ കമന്‍റ്. “ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്”, പ്രാചി പറയുന്നു. മികച്ച ഫോട്ടോ ആണെന്ന് പറഞ്ഞ് മമ്മൂട്ടിയെ അഭിനന്ദിച്ചിട്ടുമുണ്ട് നടി.
പഞ്ചാബി ചിത്രങ്ങളിലൂടെ സിനിമയില്‍ അരങ്ങേറിയ പ്രാചി തെഹ്‍ലാന്‍റെ മലയാള സിനിമയിലെ അരങ്ങേറ്റമായിരുന്നു മാമാങ്കം. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് പ്രാചി ചിത്രത്തില്‍ അവതരിപ്പിച്ചത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ റാം- ഭാഗം 1 ലും പ്രാചി അഭിനയിക്കുന്നുണ്ട്.
മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ നിര്‍മ്മാണവും. കൊച്ചി കൂടാതെ പൂനെ കൂടാതെ പാലാ, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്.
മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.