CrimeKeralaNews

‘വിചാരണ പൂർത്തിയാക്കി വിധി പറയാൻ കൂടുതൽ സമയം വേണം’; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി. ജഡ്ജി ഹണി എം.വർഗീസാണ് കൂടുതൽ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. 6 മാസത്തെ സമയമാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും.

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹ‍ർജിയും തിങ്കളാഴ്ച പരിഗണിക്കും. കേസിൽ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന ആവശ്യവും സുപ്രീംകോടതി മുന്നോട്ടു വച്ചിട്ടുണ്ട്. 

അതേസമയം ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാകും ഇനി മുതൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്.

ജസ്റ്റിസ് എ.എം.ഖാൻവിൽകർ ആണ് നേരത്തെ കേസുകൾ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ്  എ.എം.ഖാൻവിൽകർക്കൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു. 

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹർജിയില്‍ അടച്ചിട്ട മുറിയിൽ വാദം കേൾക്കാം എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സെ‌ഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യവും നടി മുന്നോട്ടുവച്ചിട്ടുണ്ട്.

സെഷൻസ് ജ‍ഡ്ജ് ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക  കോടതിയിലേക്ക്  മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button