കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി (WCC). ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി നിലപാട്ടെന്നും അതിൽ മാറ്റമില്ലെന്നും ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരൻ പ്രതികരിച്ചു. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നിൽക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരൻ കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്നായിരുന്നു മന്ത്രി പി രാജീവിന്‍റെ വെളിപ്പെടുത്തല്‍. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പി രാജീവിന്‍റെ പ്രതികരണം. കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വെളിപ്പെടുത്തല്‍ വിവാദമായത്തിന് പിന്നാലെയും തന്‍റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി രാജീവ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിൻ്റെ ശ്രമമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
രണ്ട് വർഷം മുമ്പ് സർക്കാരിന് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ല എന്നും, എന്തുകൊണ്ട് റിപ്പോർട്ടിൻമേൽ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാൽത്തന്നെ നിയമസഭയിൽ വയ്ക്കാൻ ബാധ്യതയില്ലെന്നുമുള്ള സാങ്കേതികന്യായമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, നിലവിലുള്ള റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തു.
കമ്മീഷനും കമ്മിറ്റിയും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസങ്ങളുണ്ട്. 1952-ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് ഒരു വിഷയത്തിലെ അന്വേഷണത്തിനായി പ്രത്യേക കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നത്. ഈ കമ്മീഷനിൽ ഒരംഗമാകാം. ഒന്നിലധികം അംഗങ്ങളുണ്ടാകാം. ഈ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചിത കാലയളവും ഉണ്ടാകും. അന്വേഷണ വിഷയങ്ങളുടെ ടേംസ് ഓഫ് റഫറൻസും അംഗങ്ങളുടെ പേരും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കും. റിപ്പോർട്ട് സമർപ്പിച്ച് ആറ് മാസത്തിനുള്ളിൽ, കേന്ദ്ര സർക്കാർ ആണെങ്കിൽ പാർലമെന്‍റിലും സംസ്ഥാന സർക്കാരാണെങ്കിൽ നിയമസഭയിലും റിപ്പോർട്ട് മേശപ്പുറത്ത് വെക്കണമെന്നാണ് ചട്ടം.
പക്ഷേ, ഒരു പാത്ത് ഫൈൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്, കമ്മീഷൻ റിപ്പോർട്ട് പോലെ നിയമസഭയിൽ വെക്കേണ്ട നിയമബാധ്യത സർക്കാരുകൾക്കില്ല. എസ്ആർഒ അഥവാ സ്റ്റാറ്റ്യൂട്ടറി റൂൾസ് ആന്‍റ് ഓർഡർ പ്രകാരമാണ് ഒരു വിഷയത്തിലെ അന്വേഷണത്തിനായ കമ്മിറ്റി ഉണ്ടാക്കുക. ഇതിനായി ഒരു എക്സിക്യൂട്ടീവ് ഓർഡർ ഇറക്കിയാൽ മതി. കമ്മിറ്റി അന്വേഷണത്തിനും കാലാവധി ഉണ്ടാകും.
പക്ഷേ ആവശ്യമെങ്കിൽ ഈ കാലാവധി സർക്കാറിന് നീട്ടിക്കൊടുക്കാം. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധകമ്മിറ്റിയുടെ തലപ്പത്ത് റിട്ടയേർഡ് ജസ്റ്റിസ് ആയത് കൊണ്ട് കൂടിയായിരുന്നു കമ്മീഷൻ എന്ന് ഇതുവരെ ഉപയോഗിച്ചത്. കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വെക്കേണ്ടെങ്കിലും പൊതുതാല്പര്യപ്രകാരം സർക്കാരിന് വേണമെങ്കിൽ സഭയിൽ വെക്കുന്നതിൽ തെറ്റില്ല. സഭയിൽ വെക്കാതെ റിപ്പോർട്ടിന്മേൽ തുടർനടപടികൾ എടുക്കുകയും ചെയ്യാം.
ഇവിടെ ഹേമ കമ്മീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പോലും നൽകാത്തതിന് പല കാരണങ്ങളാണ് സർക്കാർ നിരത്തുന്നത്. മൊഴി നൽകിയ പലരുടെയും സുരക്ഷ മുൻനിർത്തി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ഒന്നാമത്തെ വാദം. വിശ്വാസ്യതയോടെ ലഭിക്കുന്ന ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാമെന്ന ആർടിഐ നിയമം സെക്ഷൻ എട്ടിന്‍റെ പരിധിയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടുമെന്നാണ് സർക്കാറിന്‍റെ വിശദീകരണം. എന്തായാലും കമ്മിറ്റി – കമ്മീഷൻ എന്നീ സാങ്കേതിക പദങ്ങൾക്കപ്പുറം സർക്കാറിന്‍റെ ഉദ്ദേശലക്ഷ്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ രാജ്യത്ത് ആദ്യമായാണ് ഒരു കമ്മിറ്റി ഉണ്ടാക്കിയത്. റിപ്പോർട്ട് നൽകി രണ്ട് വർഷമായിട്ടും ആ റിപ്പോർട്ട് വീണ്ടും പഠിക്കാൻ സമിതിയെ വെച്ച സർക്കാർ നടപടി എന്തൊക്കെയോ ഒളിക്കണമെന്ന ലക്ഷ്യം വെച്ചാണെന്ന വിമർശനമാണ് ശക്തമാകുന്നത്.