NationalNews

വയനാട്‌ ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും,രാഹുലിന്റെ അയോഗ്യതയില്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി : രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ കോടതി നടപടി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. നിലവിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള സൂചന.

കോടതിയിൽ നിന്നും രാഹുലിന് സ്റ്റേ ലഭിച്ചില്ലെങ്കിലാകും ഉപതെരഞ്ഞെടുപ്പെന്നതിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെത്തുക. എംപി സ്ഥാനത്ത് നിന്നും  അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്ത സമ്മേളനം വീക്ഷിക്കാൻ പ്രിയങ്ക ഗാന്ധിയും ഇന്ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തിയിരുന്നു. 

അതേ സമയം, കർണ്ണാടകയ്ക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങളിൽ നിന്നുള്ള സൂചന. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുന്നുവെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്നത്.

ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെ അയോഗ്യനാക്കിയ ഉടൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരി പതിനെട്ടിനായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിൻവലിക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷൻ. അടുത്ത മാസം പത്തിനു മുമ്പ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. ഇതിനൊപ്പം വയനാടും പ്രഖ്യാപിക്കാമെന്നാണ് ആലോചന.

അപ്പോഴേക്കും സെഷൻസ് കോടതി രാഹുലിന് എന്തെങ്കിലും ഇളവ് നല്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമാകും. സാധാരണ ഒരു മണ്ഡലത്തിൽ ഒഴിവു വന്നാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടന്നാൽ മതി. അതായത് വയനാടിൻറെ കാര്യത്തിൽ സപ്തംബർ 22 വരെ സമയമുണ്ട്. പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ സമയം ഉള്ളപ്പോൾ ലോക്സഭ സീറ്റുകൾ മത്സരം നടത്താതെ ഒഴിച്ചിട്ട കീഴ്വഴക്കവുമുണ്ട്. 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ് ഘട്ടില്‍ സത്യഗ്രഹം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. 

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതികാര നടപടികള്‍ കൈക്കൊള്ളുവെന്നാരോപിച്ച് കോണ്‍ഗ്രസിന്‍റെ സത്യഗ്രഹ സമരവും ഇന്നുണ്ട്. എഐസിസി ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. രാവിലെ പത്തുമണിമുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള സത്യഗ്രഹസമരം ഡിസിസികളുടെ നേതൃത്വത്തിലാണ് നടത്തുക. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker