10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നില്ല, തീരത്ത് ജാഗ്രതാ നിർദ്ദേശം

ഇടുക്കി : വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2382.30 അടിയായി ഉയർന്നു. അടിയന്തിരമായി ഇടുക്കി തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. 

അതേ സമയം, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി.പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറന്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും  8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്. ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെടുക്കും. ചാലക്കുടിയിൽ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണുള്ളത്. 

തൃശൂർ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ്

1. പെരിങ്ങൽകുത്ത്- ഇപ്പോഴത്തെ നില 419.7 മീറ്റർ, പരമാവധി ജലനിരപ്പ് 424 മീറ്റർ.

2. പീച്ചി- ഇപ്പോഴത്തെ നില 78.04 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ. 

3. ചിമ്മിനി- ഇപ്പോഴത്തെ നില 74.58 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ.

4. വാഴാനി- ഇപ്പോഴത്തെ നില 56.85 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.

5. മലമ്പുഴ -ഇപ്പോഴത്തെ നില 112.44 മീറ്റർ, പരമാവധി ജലനിരപ്പ്  115.06 മീറ്റർ.

ആലപ്പുഴ ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരുമെന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ കനത്ത വെള്ളക്കെട്ടിന് നടുവിൽ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 270 കുടുംബങ്ങളെ ഇതിനകം മാറ്റി പാർപ്പിച്ചിട്ടുണ്ട്.

വെള്ളത്തിൻറെ അളവ് കൂടുന്നതനുസരിച്ച് അഗ്നി ശമനസേനയുടെ നേതൃത്വത്തിൽ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കുട്ടനാട്ടിലെ കാവാലം നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. തിരുവൻവണ്ടൂർ അടക്കമുള്ള മേഖലകയിൽ വെള്ളക്കെട്ട് ഉണ്ട്. കിഴക്കൻ വെള്ളത്തിൻറെ ഒഴുക്കനുസരിച്ച് തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും വെള്ളം കടലിലേക്ക് വിടാൻ സാധിക്കുന്നില്ല. ഇത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമാകുന്നുണ്ട്.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version