ഇടുക്കി: ഉപ്പുതറയില്‍ സ്വകാര്യവ്യക്തിയുടെ കിണറിന്റെ ജലനിരപ്പിന് മുകളില്‍ വലിയ ശബ്ദത്തോടെ ഉറവ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തുന്നു. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ അളവില്‍ ജലത്തിന്റെ ഒഴുക്ക് ഉണ്ടെങ്കിലും കിണര്‍ നിറയുന്നില്ലെന്നതാണ് അതിശയിപ്പിക്കുന്നത്. ഉപ്പുതറ 14ാം വാര്‍ഡില്‍ പുതുക്കട സ്വദേശിയായ രമയുടെ കിണറിലാണ് നാലു ദിവസമായി ഇത്തരത്തില്‍ അപൂര്‍വ്വ പ്രതിഭാസം.
വലിയ ശബ്ദത്തോടെയാണ് ഉറവ പ്രത്യക്ഷപ്പെട്ടത്. ഇതിനോടൊപ്പം തന്നെ വീടിനുള്ളില്‍ മുഴക്കവും, ചെറിയ ചലനവും അനുഭവപ്പെട്ടതാണ് വീട്ടുകാരേയും നാട്ടുകാരേയും ഒരുപോലെ പരിഭ്രാന്തരാക്കുന്നത്.
രണ്ടു ദിവസം കഴിഞ്ഞിട്ടും കിണറില്‍ വെള്ളം ഉയരാതിരുന്നതോടെ പ്രദേശമെല്ലാം പരിശോധിച്ചു. ഇതോടെ പഞ്ചായത്തിലും വില്ലേജിലും വിവരം അറിയിച്ചു. റവന്യു അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം തഹസീല്‍ദാര്‍ മുഖേന കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. വീട്ടില്‍ നിന്നു മാറി താമസിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ കുടുംബത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.