ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം കനക്കവെ, പ്രതിരോധ മുന്നൊരുക്കം ഇന്ത്യ ശക്തമാക്കി. പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം.
സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. മോക്ഡ്രിൽ ഏഴിന് നടത്താനാണ് നിർദേശം. അതിർത്തിയോടുചേർന്നുള്ള സംസ്ഥാനങ്ങളോടാണ് പ്രധാനമായും പറഞ്ഞിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഇന്ത്യക്ക് പൂർണപിന്തുണയറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോൺസംഭാഷണത്തിൽ, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണപിന്തുണ നൽകുന്നതായി വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പുതിൻ പറഞ്ഞു. ജപ്പാൻ പ്രതിരോധമന്ത്രി ജെൻ നകതാനിയുമായി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരേ ഇന്ത്യയുടെ പോരാട്ടത്തിന് ജപ്പാൻ പിന്തുണപ്രഖ്യാപിച്ചു.
ഇന്ത്യൻ പ്രതിരോധ വെബ്‌സൈറ്റുകൾ ഹാക്ക്ചെയ്യാൻ പാക് സൈബർഗ്രൂപ്പുകൾ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ജമ്മു-കശ്മീർ അതിർത്തി നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിവെപ്പ് തുടരുകയാണ്. ഇന്ത്യ ശക്തിയായി തിരിച്ചടിച്ചു.
മോക്‌ഡ്രില്ലിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ചനടത്തി. സുരക്ഷാ സ്ഥിതിഗതികളും സൈന്യത്തിന്റെ മുന്നൊരുക്കങ്ങളും ഇരുവരും പ്രധാനമന്ത്രിയോട് വിവരിച്ചതായാണ് വിവരം. പിന്നാലെയാണ് മോക്ഡ്രിൽ നടത്താൻ നിർദേശിച്ചത്.
സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായും സേനാമേധാവികളുമായും കഴിഞ്ഞദിവസങ്ങളിൽ നടത്തിയ കൂടിക്കാഴ്ചകളുടെ തുടർച്ചയായിട്ടാണ് പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയെ കണ്ടത്.
ധനമന്ത്രി നിർമലാ സീതാരാമൻ ഏഷ്യൻ വികസനബാങ്ക് പ്രസിഡന്റ് മസാതോ കാണ്ടയെ കണ്ട് പാകിസ്താനുള്ള സഹായധനം കുറയ്ക്കാൻ അഭ്യർഥിച്ചു. അതിർത്തികടന്നുള്ള ഭീകരവാദത്തെ പാകിസ്താൻ വളർത്തുകയാണെന്നാണ് ഇന്ത്യയുടെ ആക്ഷേപം. ഇറ്റാലിയൻ ധനകാര്യമന്ത്രി ജിയാൻകാർലോ ജിയോഗെർറ്റിയെയും കണ്ട് ധനമന്ത്രി ഇതേ ആവശ്യമുന്നയിച്ചു.
ജമ്മു-കശ്മീരിലെ പൂഞ്ച് വനമേഖലയിലെ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന. സൈന്യവും ജമ്മു-കശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സുരതാലിൽ ഒളിത്താവളം കണ്ടെത്തിയത്. അഞ്ച് െഎഇഡികളും വയർലെസ് സെറ്റുകളും കണ്ടെത്തി. െഎഇഡികൾ അരക്കിലോ മുതൽ അഞ്ചുകിലോവരെ ഭാരമുള്ളതാണ്. ഇവ നിയന്ത്രിതസ്ഫോടനത്തിലൂടെ സൈന്യം നശിപ്പിച്ചു.
ചെനാബ് നദിയിലെ സലാൽ അണക്കെട്ടിൽനിന്ന് പാകിസ്താനിലേക്കുള്ള ജലമൊഴുക്കും തടഞ്ഞ് കേന്ദ്രം. ഈ നദിയിലെ ബഗ്ലിഹാർ അണക്കെട്ടിലെ ജലമൊഴുക്ക് ഇന്ത്യ നേരത്തേ വെട്ടിക്കുറച്ചിരുന്നു. ഇതോടെ വർഷങ്ങൾക്കുശേഷം ജലനിരപ്പ് പകുതിയിലേറെ താഴ്ന്ന് നദി അഖ്‌നൂർ മേഖലയിലൂടെ ഒഴുകി. പാകിസ്താനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് സാലാൽ അണക്കെട്ടിന്റെ എല്ലാഗേറ്റുകളും അടച്ചത്. കിഷൻഗംഗാ അണക്കെട്ടിലും സമാനമായ നടപടികൾക്ക് പദ്ധതിയിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

