സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനം വിധിയെഴുതുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലരെ ഏഴിനാണ് വോട്ടുപ്പ് ആരംഭിച്ചത്. അഞ്ചിടങ്ങളിലുമായി 9,57,509 വോട്ടര്‍മാരാണ് ഇന്നു ബൂത്തിലെത്തുക. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ്. ഇതോടൊപ്പം 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കും 80 അംഗ ഹരിയാന നിയമസഭയിലേക്കും ഇന്നു തെരഞ്ഞെടുപ്പു നടക്കും. കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ സീറ്റുകളിലേക്കും രണ്ടു ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കുന്നു.
24നാണു വോട്ടെണ്ണല്‍. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ 12 രേഖകള്‍ വോട്ടെടുപ്പിനു തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. എന്‍ആര്‍ഐ വോട്ടര്‍മാര്‍ പാസ്‌പോര്‍ട്ട് കരുതണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്കും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
എന്നാല്‍, സഹകരണ ബാങ്കുകളിലെ പാസ് ബുക്ക് അംഗീകരിക്കില്ല. കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 35 സ്ഥാനാര്‍ഥികളാണ് അങ്കം കുറിക്കുന്നത്. അരൂരിലും എറണാകുളത്തും യുഡിഎഫും എല്‍ഡിഎഫും മുഖാമുഖം പൊരുതുമ്പോള്‍ വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ത്രികോണ പോരാട്ടമാണു നടക്കുന്നത്.