സ്റ്റോറേജ് സ്പേസ് തീർന്നു, അക്കൗണ്ട് റദ്ദാക്കും; ജിമെയിൽ കേന്ദ്രീകരിച്ചും തട്ടിപ്പ്: മുന്നറിയിപ്പ്

തിരുവനന്തപുരം: ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ജാ​ഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ അക്കൗണ്ട് റദ്ദാക്കുമെന്നുള്ള സന്ദേശ രൂപത്തിലാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ സമീപിക്കുന്നത്. അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുകയും അതുവഴി കമ്പ്യൂട്ടറിലേക്ക് വൈറസുകളോ മാൽവെയറുകളോ കയറാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

ഗൂഗിളിന്റെ പേരിൽ വരുന്ന സന്ദേശം ആയതിനാൽ പലരും വിശ്വസിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഈമെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോറേജ് വിവരങ്ങൾ പരിശോധിക്കണമെന്നും ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News