KeralaNews

ഒമ്പത് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് വൈകിട്ട് ആറു വരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പതു മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളിലാണ് പോളിങ് ഒരു മണിക്കൂര്‍ നേരത്തെ അവസാനിപ്പിക്കുന്നത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് വൈകീട്ട് ആറ് മണിവരെ വോട്ടെടുപ്പ് നടക്കുക.

ഈ മണ്ഡലങ്ങളില്‍ കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോളിങ് ബൂത്തിന്റെ സുരക്ഷയ്ക്കായി പോലീസിനൊപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ അതിര്‍ത്തികള്‍ അടച്ചു. നിയന്ത്രണം കേന്ദ്രസേനയെ ഏല്‍പ്പിച്ചിരിക്കുകയാണ്.

പ്രസ്‌നബാധിതബൂത്തുകളില്‍ വോട്ടെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കും. ഇവിടങ്ങളില്‍ അധിക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്.

13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരാണ്. 957 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button