ഫോക്‌സ്‌വാഗണ്‍ ടെയ്റോണ്‍ ഇന്ത്യയിലേക്ക്; ഇനി എസ്.യു.വി വിപണിയില്‍ പൊടിപാറും

മുംബൈ: ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍. ഇന്ത്യന്‍ വിപണിയിലും എസ്‌യുവികളും സെഡാനുകളുമായി ഹ്യുണ്ടായി, മഹീന്ദ്ര, ടൊയോട്ട, ടാറ്റ മോട്ടേര്‍സ് പോലുള്ള കമ്പനികളോട് ജര്‍മന്‍ ബ്രാന്‍ഡ് മുട്ടിനില്‍ക്കുന്നു. ഇപ്പോള്‍ ഒരു പുത്തന്‍ ഉല്‍പ്പന്നം അണിയറയില്‍ ഒരുക്കുന്ന തിരക്കിലാണ് ബ്രാന്‍ഡ്. ഫോക്‌സ്‌വാഗണ്‍ ടെയ്‌റോണ്‍ പ്രീമിയം എസ്‌യുവിയാണ് ജര്‍മന്‍ ബ്രാന്‍ഡ് ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നത്. 2025 അവസാനത്തോടെ ഫോക്‌സ്‌വാഗണ്‍ ടെയ്റോണ്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും.

ടിഗുവാന്‍ ഓള്‍-സ്പേസ് എസ്‌യുവിക്ക് പകരക്കാരനായി എത്താന്‍ പോകുന്ന ടെയ്റോണിന്റെ ലോഞ്ചിലൂടെ പ്രീമിയം 3-വരി എസ്‌യുവി വിഭാഗത്തിലേക്കുള്ള ഫോക്‌സ്‌വാഗണിന്റെ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്. ഇതിന് മുന്നോടിയായി ടെയ്റോണ്‍ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണം നടത്തുന്ന ചിത്രങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2024 ഒക്ടോബറില്‍ ആഗോളതലത്തില്‍ അരങ്ങേറിയ ടെയ്റോണ്‍ ബ്രാന്‍ഡിന്റെ MQB EVO പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച 7 സീറ്റര്‍ എസ്‌യുവിയാണ്.

ടിഗുവാന്‍ ആര്‍-ലൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പ്പനയാണ് ടെയ്റോണിന് ലഭിക്കുന്നത്. സ്ലീക്ക് എല്‍ഇഡി മാട്രിക്‌സ് ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് ലൈറ്റ് ബാര്‍, വലിയ ഹണികോമ്പ്-പാറ്റേണ്‍ എയര്‍ ഇന്‍ടേക്ക് എന്നിവയാണ് എക്‌സ്റ്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങള്‍. നീളമേറിയ വീല്‍ബേസും റിയര്‍ ഓവര്‍ഹാങ്ങും എസ്‌യുവിയുടെ സൈഡ് പ്രൊഫൈല്‍ ഗംഭീരമാക്കുന്നുണ്ട്. കൂടാതെ സില്‍വര്‍ റൂഫ് റെയിലുകള്‍, ഷാര്‍പ്പ് ഷോള്‍ഡര്‍ ലൈനുകള്‍, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കറുത്ത ക്ലാഡിംഗ് എന്നിവയും ഉണ്ടായിരിക്കും.

അകത്തളത്തില്‍ ഏറ്റവും പുതിയ ടിഗ്വാനിന് സമാനമായി മിനിമലും എന്നാല്‍ ടെക് സമ്പന്നവുമായ ഇന്റീരിയറാണ് ഒരുക്കിവെച്ചിരിക്കുന്നത്. ക്യാബിനില്‍ 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഏഴ് യാത്രക്കാര്‍ക്ക് അനുയോജ്യമായ ഇരിപ്പിടങ്ങള്‍ എന്നിവയും ഉള്‍പ്പെടും. ഈ വര്‍ഷം പ്രീമിയം എസ്‌യുവി പ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണ് ഫോക്‌സ്‌വാഗണ്‍ ടെയ്റോണ്‍.

ടെയ്റോണിന്റെ മൈലേജ് കണക്കുകള്‍ ഒന്നും തന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 4Motion ഓള്‍-വീല്‍ ഡ്രൈവും ജോടിയാക്കിയ 2.0 ലിറ്റര്‍ TSI എഞ്ചിനായിരിക്കും ഫോക്‌സ്‌വാഗണ്‍ തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. ഇത് ഏകദേശം 12 മുതല്‍ 14 കിലോമീറ്റര്‍ / ലിറ്റര്‍ ഇന്ധനക്ഷമത നല്‍കിയേക്കും.

ആഗോള വിപണികളിലെ ടെയ്റോണിന്റെ 1.5 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ ഏകദേശം 14 മുതല്‍ 16 കിലോമീറ്റര്‍ / ലിറ്റര്‍ വരെ മൈലേജ് നല്‍കുന്നുണ്ട്. 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പാണെങ്കില്‍ ഡ്രൈവിംഗ് ശൈലിയും റോഡ് സാഹചര്യങ്ങളും അനുസരിച്ച് ലിറ്ററിന് 18 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. ഈ എസ്‌യുവി സിറ്റി യാത്രകള്‍ക്കും ദീര്‍ഘദൂര ഹൈവേ യാത്രകള്‍ക്കും അനുയോജ്യമാണ്.

ഫോക്‌സ്‌വാഗണ്‍ ടെയ്റോണ്‍ ഡ്രൈവര്‍-അസിസ്റ്റന്‍സ് സാങ്കേതികവിദ്യയും ശക്തമായ ബോഡി ഘടനയും സംയോജിപ്പിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മികച്ച സംരക്ഷണം പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇതിനകം യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുമുണ്ട്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് ക്രോസ് ട്രാഫിക് അലേര്‍ട്ട് എന്നിവ പ്രധാന സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ടെയ്റോണ്‍ ഇന്ത്യന്‍ സ്‌പെക്കില്‍ ഫോക്‌സ്‌വാഗണ്‍ ഈ പറഞ്ഞ സുരക്ഷാ സംവിധാനങ്ങളില്‍ ഭൂരിഭാഗവും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ മറ്റ് പ്രീമിയം എസ്‌യുവികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ടെയ്റോണിന് സാധിക്കും. കാലങ്ങളായി ഒരു പ്രീമിയം 7 സീറ്റര്‍ എസ്‌യുവി വാങ്ങണമെന്ന് ആഗ്രഹിക്കുന്ന വാഹനപ്രേമികള്‍ക്ക് ഇനി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News