ആഗ്ര: ബന്ധുവായ നാലുവയസുകാരിയെ അതിക്രൂര ലൈംഗികാതിക്രമത്തിനിരയാക്കിയ 25-കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഫിറോസാബാദിലാണ് സംഭവം. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.
ജൂലൈ ആറിനായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു പ്രതി. മാതാവ് ഉറങ്ങിക്കിടന്ന നേരത്തെ ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയേയും കൊണ്ട് സ്വന്തം പാർപ്പിടത്തിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഇവിടെ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്ന് അഡീഷണൽ ഗവൺമെന്റ് കൗൺസൽ അവദേശ് ഭരദ്വാജ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രതി സമ്മതിച്ചു. നേരത്തെ യുവതിയുടെ കുടുംബത്തോടൊപ്പം പ്രതിയും താമസിച്ചിരുന്നു. പിന്നീട് വാടകവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നാണ് വിവരം.
ഉറക്കമുണർന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം യുവതി അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. സ്വകാര്യ ഭാഗങ്ങളിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ അബോധാവസ്ഥയിലായിരുന്നു കുട്ടി. സംഭവസ്ഥലത്തുനിന്ന് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പത്ത് ദിവസത്തോളം കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി ഡോക്ടർമാരെ ഉദ്ധരിച്ച് കോടതി രേഖയിൽ പറയുന്നു.
സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകുന്നത്. തുടർന്ന് ബിഎൻഎസ് സെക്ഷൻ 65 (2), പോക്സോ അടക്കം ചുമത്തി എഫ്ഐആർ രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ അതേദിവസം തന്നെ ഏറ്റുമുട്ടലിൽ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ബിഎൻഎസ് സെക്ഷൻ 109, ആയുധനിയമം അടക്കം ചേർത്ത് മറ്റൊരു എഫ്ഐആറും ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിരുന്നു.
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ സംഭവം നടന്ന് 30 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മയുമായുള്ള അവിഹിത ബന്ധം ഭർത്താവ് കണ്ടെത്തിയതിനെത്തുടർന്ന് തനിക്കെതിരേ ഇയാൾ ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി വാദിച്ചു. എന്നാൽ, മെഡിക്കൽ രേഖകൾ ഈ വാദത്തെ തള്ളിക്കളഞ്ഞു.
സെഷൻസ് ജഡ്ജി മുംതാസ് അലിയാണ് വിധി പ്രസ്താവിച്ചത്. മനുഷ്യത്വരഹിതവും പൊറുക്കാനാകാത്തതുമെന്ന് ജഡ്ജി സംഭവത്തെ വിശേഷിപ്പിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പണം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. പണം നൽകിയില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.


