InternationalNews

മൂന്ന് നില വീടിനേക്കാള്‍ ഉയരത്തിൽ തിളച്ചുമറിയുന്ന ലാവ,1240 ഡിഗ്രി ചൂടിനൊപ്പം ഭൂചലനവും, അപകട മുനമ്പായി കാനറി ദ്വീപ്

മാഡ്രിഡ്:സ്പെയിനിലെ കാനറി ദ്വീപില്‍ സെപ്തംബര്‍ 19-ന് പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതത്തില്‍നിന്നുള്ള ലാവാപ്രവാഹം ഇപ്പോഴും നാശം വിതയ്ക്കുന്നു. അഗ്‌നിപര്‍വ്വതത്തിന്റെ അരികിലൂടെ കുത്തിയൊലിച്ചു വന്ന തിളയ്ക്കുന്ന ലാവ ഒരു കുന്നിന്‍ചെരിവില്‍ ചെന്നടിഞ്ഞ് നില്‍ക്കുകയാണ്. മൂന്ന് നില വീടിനേക്കാള്‍ ഉയരത്തിലാണ്, തിളച്ചുമറിയുന്ന ലാവ നില്‍ക്കുന്നതെന്ന് സ്പാനിഷ് നാഷനല്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതിനിടെ ഇന്നലെ പ്രദേശത്ത് ഭൂചലനവും ഉണ്ടായി. മൂന്ന് ഗ്രാമങ്ങളിലായി 23 ചെറു ചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

അതിഭീകരമാണ് അവസ്ഥയെന്നാണ് അധികൃതര്‍ അറിയിച്ചത്. ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്ന ദ്വീപിലെ അപകടമേഖലകളില്‍നിന്നും ആറായിരം പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഇവരുടെ വീടുകളും മറ്റും ലാവാപ്രവാഹത്തില്‍ നശിച്ചു. ഈ ആളുകളെയെല്ലാം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സ്പാനിഷ് നാവിക സേന ലാവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്

കാനറി ദ്വീപിലെ കുംബ്രെ വിയേജ അഗ്‌നിപര്‍വ്വതമാണ് സെപ്തംബര്‍ ആദ്യം പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് എല്ലാം ചാമ്പലാക്കിക്കൊണ്ട് ലാവാ പ്രവാഹം ആരംഭിച്ചു. സമീപപ്രദേശത്തുള്ള 1100-ലേറെ കെട്ടിടങ്ങളെ ഈ ലാവാപ്രവാഹം വിഴുങ്ങി. വാഴത്തോട്ടങ്ങള്‍ അടക്കം 1218 ഏക്കര്‍ ഹെക്ടര്‍ കൃഷിയിടങ്ങള്‍ നാമാവശേഷമാക്കി

1240 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ലാവാ പ്രവാഹം ദ്വീപിലെ ടോദോക് ഗ്രാമത്തില്‍ ബാക്കിയായ കെട്ടിടങ്ങളെ കൂടി ഇന്നലെ വിഴുങ്ങിയതായി കാനറി ഐലന്റ് വോള്‍ക്കനോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആളുകളെയെല്ലാം ഒഴിപ്പിച്ച പ്രദേശങ്ങളിലൂടെയാണ് ഇപ്പോള്‍ ലാവ പ്രവഹിക്കുന്നത്.

ചുട്ടുപഴുത്ത ലാവ അറ്റ്ലാന്റിക് ഉള്‍ക്കടലിലേക്ക് ചെന്നെത്തിയിരുന്നു. തിളയ്ക്കുന്ന ലാവ കടല്‍വെള്ളം തൊട്ടതിനെ തുടര്‍ന്ന് ഇവിടെ വലിയ പുകച്ചുരുളുകള്‍ ഉയരുകയാണ്. വലിയ സ്ഫോടനങ്ങള്‍ക്ക് ഇത് കാരണമാവുമെന്ന ആശങ്കയുണ്ട്. കടലിലെ ജീവജാലങ്ങള്‍ക്കും സമീപവാസികള്‍ക്കും ഇത് വലിയ ദുരന്തമുണ്ടാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇപ്പോഴും അഗ്‌നിപര്‍വ്വതം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാണ് ഇത് അവസാനിക്കുക എന്ന് അറിവായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവിടെയുള്ളവര്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലാണ്. ആയിരങ്ങളെ സര്‍ക്കാര്‍ ഇതിനകം കുടിയൊഴിപ്പിച്ചു. ഇവരില്‍ പലരുടെയും വീടുകളും സ്ഥലങ്ങളുമാണ് അഗ്‌നിപര്‍വ്വത ലാവ വിഴുങ്ങിയത്. ഇവര്‍ക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ വലിയ വീടുകളും കെട്ടിടങ്ങളും വിലയ്ക്കു വാങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button