25.1 C
Kottayam
Thursday, May 9, 2024

വ്ളോഗര്‍ അമല അനു എവിടെ? പിടികൊടുക്കാതെ ഒളിച്ചുകളി തുടരുന്നു; കിളി മാനൂരില്‍ നിന്ന് കാര്‍ കണ്ടെത്തി

Must read

കൊല്ലം: വനത്തിനുള്ളില്‍ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്ളോഗര്‍ അമല അനുവിന് വേണ്ടിയുള്ള അന്വേഷണം തുടരുന്നു. മാമ്പഴത്തറ റിസര്‍വ് വനത്തിലാണ് അനു അനധികൃതമായി പ്രവേശിച്ചത്. ഇവരുടെ കാര്‍ വനം വകുപ്പ് പിടികൂടി. കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

എന്നാല്‍ അനുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അനുവിനെ സൈബര്‍ പോലീസിന്റെ കൂടെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആണ് വനംവകുപ്പ് നടത്തുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അനു എത്തിയിരുന്നില്ല.

വ്ളോഗറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ വനംവകുപ്പ് എതിര്‍ക്കും. ഇത് സംബന്ധിച്ച സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വീഡിയോ ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്ളോഗര്‍ കാട്ടില്‍ അതിക്രമിച്ചു കയറിയതെന്നാണ് വനം വകുപ്പിന്റെ വാദം. വനം-വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് അനുവിനെ കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. എട്ട് മാസം മുമ്പാണ് മാമ്പഴത്തറയില്‍ എത്തിയ അമല, ഹെലിക്യാം ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹെലിക്യാം കണ്ടതോടെ കാട്ടാന വിരണ്ടോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ വനം വകുപ്പ് പരിശോധിച്ചിരുന്നു.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വനത്തിലേക്ക് കൊണ്ടുപോയതിന് ബാലാവകാശ കമ്മീഷനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വനം വകുപ്പ് കത്ത് നല്‍കും.

വനം വന്യജീവി നിയമപ്രകാരം ഇത്തരത്തിലുള്ള ചിത്രീകരണവും പ്രചാരണവും നടത്തിയതിന് മുന്‍കൂര്‍ അനുമതി വേണം. അല്ലാത്തപക്ഷം ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാണ്. സിനിമ ചിത്രീകരണത്തിന് പ്രത്യേക കരാര്‍ തയ്യാറാക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അനുമതി നല്‍കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week