തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലേക്ക് കടന്നതോടെ പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമര സമിതി പ്രവർത്തകർ. വൻ സംഘർഷമാണ് പ്രദേശത്ത് നടക്കുന്നത്. മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ മൂന്നു പൊലീസ് ജീപ്പ് തകർത്തു. പൊലീസുകാർക്കം സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ പ്രദേശത്തേക്ക് എത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
വൈകുന്നേരത്തോടെയാണ് കേസിൽ വിഴിഞ്ഞം സ്വദേശി സെൽറ്റനെ പൊലീസ് അറസ്റ്റ് ചെയ്തത്. 6.15 ഓടെ ഇത് ചോദ്യം ചെയ്ത് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തുകയും തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സെൽറ്റനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പ്രവർത്തകരെത്തി വിഴിഞ്ഞം സ്റ്റേഷൻ വളഞ്ഞു. ഇതിനിടയിൽ അവിടെ ഉണ്ടായിരുന്നു രണ്ട് പൊലീസ് ജീപ്പുകൾ തകർത്തു. കൂടാതെ സുരക്ഷക്കായി കരമന പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ഒരു ജീപ്പ് സമരക്കാർ മറിച്ചിട്ടു. സംഘർഷത്തിൽ ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു.
ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ കേസിൽ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.
പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.