തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടി കൂടുതല്‍ വിവാദമാകുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഓഹരി ഇടപാടുമായി മുന്നോട്ടു പോകാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഇതിനായി ന്യായീകരണങ്ങളും നിരത്തുകയാണ് അദാനി ഗ്രൂപ്പ് അധികൃതര്‍.
പ്രതിപക്ഷം ഉയര്‍ത്തുന്ന വാദങ്ങളെ ഖണ്ഡിക്കുന്ന വിധത്തിലാണ് വിഷയത്തില്‍ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. എം.എസ്.സി കപ്പല്‍ കമ്പനിക്ക് 13,000കോടിയുടെ ഓഹരി കൈമാറിയാലും വിഴിഞ്ഞം തുറമുഖത്തെ എല്ലാ ടെര്‍മിനലും അവര്‍ക്ക് നല്‍കില്ലെന്ന വാദമാണ് കുത്തകയാകുമെന്ന വാദത്തെ പ്രതിരോധിച്ചുകൊണ്ട് അവര്‍ വിശദീകരിക്കുന്നത്.
ഒരു ടെര്‍മിനല്‍ മാത്രമേ നല്‍കൂവെന്നാണ് അദാനിഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. നിലവില്‍ രണ്ട് ടെര്‍മിനലുണ്ട്. അടുത്തഘട്ടങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നെണ്ണം സജ്ജമാവും. ഇതിലൊരു ടെര്‍മിനലായിരിക്കും എം.എസ്.സിയുടെ മാത്രമായ ഓപ്പറേഷന് വിട്ടുകൊടുക്കുന്നത്. മറ്റു ടെര്‍മിനലുകളില്‍ ഏത് കമ്പനിയുടെ കപ്പലുകള്‍ക്കും വരാം. അഞ്ചു ടെര്‍മിനലുള്ളഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും ഒരെണ്ണമാണ് എം.എസ്.സിക്ക് കൈമാറിയത്.
നിയമപ്രകാരമാണ് ഓഹരി കൈമാറ്റമെന്നും ഇതിലൂടെ തുറമുഖത്തിന്റെ തുടര്‍ വികസനം 2028ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ബാങ്ക് വായ്പയെടുക്കുന്നതിന് പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിന് പണം കണ്ടെത്തുകയാണ് അദാനി. തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ അദാനി 2454കോടിയാണ് മുടക്കേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ മുടക്കിയത് 6000കോടിയാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന ഘട്ടങ്ങളില്‍ 16,000കോടിയാണ് അദാനി മുടക്കുന്നത്. മാസ്റ്റര്‍പ്ലാനില്‍ 9800 കോടിയായിരുന്നെങ്കിലും അധിക നിക്ഷേപം അദാനി പ്രഖ്യാപിക്കുകയായിരുന്നു. ഇതടക്കം 26,000കോടിയോളം നിക്ഷേപം അദാനി നടത്തും. ഇതിന്റെ 49 ശതമാനമാണ് എം.എസ്.സിയുമായുള്ള ഓഹരിയിടപാടിലൂടെ സമാഹരിക്കുന്നതെന്നാണ് വിശദീകരണം.
കൂടുതല്‍ കപ്പലുകളെത്തിക്കേണ്ട ബാദ്ധ്യതയും എം.എസ്.സിക്കാണ്. അതിനാലാണ് ഓഹരി കൈമാറ്റം തന്ത്രപരമാവുന്നത്.കണക്കുകള്‍ ഓട്ടോമേറ്റഡ് ആയതിനാല്‍ സര്‍ക്കാരിന് കിട്ടാനുള്ള വിഹിതത്തില്‍ കൃത്രിമം കാട്ടാനാവില്ല.മുന്ദ്ര, എന്നൂര്‍, മുംബയ് തുറമുഖങ്ങളില്‍ എം.എസ്.സിക്ക് ടെര്‍മിനലുണ്ട്. അതേസമയം, വിഴിഞ്ഞം തുറമുഖത്തു നിന്ന് അദാനിയെ നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ ഒഴിവാക്കിയാല്‍ എം.എസ്.സിയുമായുള്ള അവരുടെ ഓഹരിവില്‍പ്പന അപ്രസക്തമാവും. വല്ലാര്‍പാടം ടെര്‍മിനലില്‍ 85ശതമാനം ഓഹരിയും ഡി.പി വേള്‍ഡിനാണെന്ന് അദാനിഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കില്ല. എല്ലാം വ്യവസ്ഥകള്‍ അനുസരിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്.
അതേസമയം, വിവാദം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഴിഞ്ഞത്തെ എംഎസ്‌സി-അദാനി ഓഹരി കൈമാറ്റത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തില്‍ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയില്‍ മാറ്റം വേണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എല്ലാം വ്യവസ്ഥകള്‍ അനുസരിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിദേശ നിക്ഷേപത്തില്‍ ആശങ്കയുണ്ടെന്നും പോര്‍ട്ടിന്റെ ഭാവി വികസനത്തിന് തടസം വരുമെന്നും പ്രതിപക്ഷം പറഞ്ഞു. 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറുന്നത് കുത്തകയ്ക്ക് അവകാശം നല്‍കുന്നത് പോലെയാകുമെന്നും സംസ്ഥാനത്തിന് കിട്ടേണ്ട വരുമാനം കുറയുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അതേസമയം അദാനിക്ക് ലാഭകരമാകുന്ന വിധത്തിലുള്ള കരാറിനോട് യുഡിഎഫ് സര്‍ക്കാര്‍ സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിലും എതിര്‍പ്പുയരുന്നുണ്ട്. ഇത് വി ഡി സതീശനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലുമാക്കുന്നുണ്ട്.


