അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: മുഖ്യപ്രതിയുടെ വീടിന് നേരെയും ബുൾഡോസർ നീക്കം; ഒരു കോടിയുടെ നിർമ്മാണം അനധികൃതമെന്ന് അതോറിറ്റി

അയോധ്യ: രാമമന്ത്രങ്ങള്‍ ധ്വനിക്കുന്ന അയോധ്യയിലെ പുണ്യഭൂമിയെ സാക്ഷിനിര്‍ത്തി, സാക്ഷാല്‍ രാമക്ഷേത്രത്തിലെ ഭണ്ഡാരം കൊള്ളയടിച്ച ആ മുഖ്യപ്രതിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഭഗവാന്റെ പണം കവര്‍ന്ന് സുഖലോലുപതയില്‍ വാഴാമെന്ന് കരുതിയ മുഖ്യപ്രതി ലവ്കുശ് മിശ്രയ്ക്ക് അയോധ്യ വികസന അതോറിറ്റിയുടെ വക എട്ടിന്റെ പണി കിട്ടിക്കഴിഞ്ഞു. മോഷണപ്പണം കൊണ്ട് പടുത്തുയര്‍ത്തിയ ലവ്കുശ് മിശ്രയുടെ ആഡംബര സാമ്രാജ്യത്തിന് നേരെ ഇനി യോഗി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’ പാഞ്ഞടുക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭാര്യയുടെ പേരില്‍ ലവ്കുശ് മിശ്ര നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു കോടി രൂപയുടെ ആഡംബര വീട് ഇനി അധികനാള്‍ മണ്ണില്‍ കാണില്ലെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയ്ക്ക് ശേഷം പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതിയുടെ വഴിവിട്ട സ്വത്തുസമ്പാദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിച്ച കോടികള്‍ ഉപയോഗിച്ച് ലവ്കുശ് മിശ്ര സ്വന്തം ഭാര്യയുടെ പേരിലാണ് അതിവിശാലമായ ഒരു ആഡംബര മന്ദിരം പണിയാന്‍ തുടങ്ങിയത്. ഏകദേശം ഒരു കോടി രൂപയോളം ചിലവിട്ട് നിര്‍മ്മിക്കുന്ന ഈ കെട്ടിടം പൂര്‍ണ്ണമായും അനധികൃതമായാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

യാതൊരുവിധ മുന്‍കൂര്‍ അനുമതിയോ രേഖകളോ ഇല്ലാതെയാണ് ഈ നിര്‍മ്മാണം എന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി പ്രതിയുടെ വീടിന് ഔദ്യോഗികമായി നോട്ടീസ് നല്‍കിക്കഴിഞ്ഞു. യോഗി ഭരണത്തിന് കീഴില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ പ്രയോഗം പതിവായതിനാല്‍, ഈ കോടിപതി മന്ദിരവും ഉടന്‍ തന്നെ മണ്‍കൂനയാകുമെന്നാണ് അയോധ്യയില്‍ നിന്നുള്ള സൂചനകള്‍.

ക്ഷേത്രത്തില്‍ ജോലികിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനുപിന്നാലെയാണ് കൂറ്റന്‍ വീടുയര്‍ന്നത്. പ്രതികളുടെ സ്വത്തുക്ക ളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനിടെയാണ് സോഹാവല്‍ തഹസിലിലെ ബന്‍വീര്‍ പുര്‍ ഗ്രാമത്തിലെ വീടുനിര്‍മാണം ശ്രദ്ധയില്‍ പ്പെട്ടത്. ലവ്കുശ് മിശ്രയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തിയ അന്വേഷണസംഘം കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു.

അന്വേഷണത്തില്‍ ഏറ്റ വുംകൂടുതല്‍ പണം പിടിച്ചെടുത്ത അവിനാഷ് ശുക്ലയെ തിരായ നിയമനടപടികളും ശക്തമാക്കും. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ലവ് കുശയോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദ്ദിഷ്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് എഡിഎ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് സുപ്രിയ മിശ്രയ്ക്ക് അതോറിറ്റി നോട്ടീസ് നല്‍കിയത്. നിശ്ചിത സമയത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍, നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തുന്ന പക്ഷം കെട്ടിടം പൊളിച്ചുനീക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

2025 ഒക്ടോബര്‍ 16-നാണ് ഈ ഭൂമി വാങ്ങിയതെന്നാണ് കണ്ടെത്തല്‍. അയോധ്യ ജില്ലയിലെ സോഹാവല്‍ തഹസീലിലെ മംഗ്സി പര്‍ഗാന പ്രദേശത്തുള്ള ഭൂമി ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമല്‍ സ്വരൂപ് സിങ് എന്നയാളില്‍ നിന്ന് 8.8 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിക്ക് ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 25 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന്. അഞ്ച് പ്രതികള്‍ സംഭാവന തട്ടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായ അവിനാഷ് ശുക്ലയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്ഐടി തീരുമാനിച്ചു. അവിനാഷില്‍ നിന്ന് നേരത്തെ 20 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളില്‍ നിന്ന് വെള്ളിയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതായും എസ്ഐടി പറയുന്നു. നിലവില്‍ പ്രതികളുടെ ബാങ്ക് ഇടപാടുകളുടെ വിവരവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.

കുറ്റാരോപണത്തെ തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റില്‍ നിന്നും രാജിവെച്ച ചമ്പത് റായിയെയും എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ട്രസ്റ്റിലേക്കുള്ള വരുമാനത്തെക്കുറിച്ചും കൊള്ളയില്‍ അറസ്റ്റിലായവരെയും കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം. ചമ്പത് റായ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘടന രംഗത്ത് എത്തിയതോടെയാണ് എസ്ഐടിയുടെ നീക്കം. ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ക്കെതിരെ പൊലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വ്യാജവും കെട്ടിച്ചമച്ചതുമായ വിശദീകരണങ്ങളിലൂടെ സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഫൈസാബാദ് ബാര്‍ അസോസിയേഷന്റെ പരാതി. ഭണ്ഡാരക്കൊള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകരുതെന്ന് ഫൈസാബാദ് ബാര്‍ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഹാജരായാല്‍ അവര്‍ക്ക് പിഴ ചുമത്തുമെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംഭാവന തട്ടിപ്പിലെ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. കൊള്ളയില്‍ അന്വേഷണം ഇഴയുന്നതില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

English SummaryThe Ayodhya Development Authority (ADA) has issued a demolition notice to Lavkush Mishra, the prime accused in the Ayodhya Ram Temple donation box theft case, for constructing a ₹1 crore luxury house in his wife’s name without legal approvals. Following the strict anti-criminal policy of the UP government, bulldozer action is imminent on the unauthorized property. Meanwhile, the special investigation team has retrieved crucial new CCTV footage capturing more details of the treasury heist, which will significantly aid the police in identifying additional co-conspirators involved in the crime.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News