പ്രശസ്ത സീരിയല്‍ നടന്‍ വിവേക് ഗോപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം

തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ നടനായ വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തതായി സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രചാരണം. വിവേക് ഗോപന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും പാര്‍ട്ടി ജില്ലാ സെക്രട്ടറി വി വി രാജേഷിനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നടന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തുവെന്ന് പറഞ്ഞുകൊണ്ടും വിവേകിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും വലതുപക്ഷ അനുഭാവികളായ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ഇടുന്നുണ്ട്. എന്നാല്‍ വിവേക് ഗോപന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ വിവേക് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ‘പരസ്പരം’ എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപന്‍ പ്രശസ്തി നേടുന്നത്.

സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്. 2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ‘പുള്ളക്കാരന്‍ സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News