കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നു നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. വിസ്മയയുടെ വീട്ടില്‍ കിരണ്‍ വിവാഹാലോചനയുമായെത്തിയത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറയുന്നു.
കഴിഞ്ഞ ജനുവരിയില്‍ രാത്രി ഒരു മണിയോടെ കിരണ്‍ മകളുമൊത്ത് വീട്ടില്‍ വന്നിരുന്നുവെന്നും കാറ് വീട്ടില്‍ ഇട്ട് മകളെ അവിടെ വെച്ചുതന്നെ അടിച്ചുവെന്നും പിതാവിന്റെ വാക്കുകള്‍. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനിലെ എസ്.ഐയെയും കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് സി.ഐ. പറഞ്ഞതനുസരിച്ച് എഴുതി ഒപ്പിട്ട ശേഷമാണ് കിരണിനെ വിട്ടയച്ചത്. പിന്നീട് പരീക്ഷയെ തുടര്‍ന്ന് വിസ്മയ കിരണിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും അക്രമണങ്ങള്‍ ഉണ്ടായത്.
കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.