വിസ്മയയുടെ മരണം: കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു

കൊല്ലം:ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.

കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് ഇന്ന് സസ്പെന്റ് ചെയ്തിരുന്നു. കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് ഇയാൾ. പ്രതിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരൺ കുമാറിനെ സസ്പെന്റ് ചെയ്തത്.

കേസിലെ കണ്ടെത്തൽ അനുസരിച്ച് കിരൺ കുമാറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും. സംസ്ഥാനത്തെമ്പാടും ചർച്ച ചെയ്യപ്പെട്ട സംഭവമാണ് വിസ്മയയുടെ മരണം. സംഭവം പുറത്തായപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.

സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. വിസ്മയയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതികളാക്കും. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികൾ തുടങ്ങുമെന്നും ഡിജിപി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News