കൊല്ലം:ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ബന്ധുക്കള്‍. മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് 24കാരി വിസ്മയ സഹോദരന് അയച്ചു നല്‍കിയ ചിത്രം വെളിപ്പെടുത്തിയാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍തൃവീട്ടില്‍ നിന്ന് മര്‍ദനമേറ്റിരുന്നതായാണ് ഇവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസവും ഭര്‍ത്താവ് മര്‍ദിച്ചതായി സഹോദരന് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ വിസ്മയ വെളിപ്പെടുത്തിയിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദിച്ചതെന്ന് വിസ്മയ സന്ദേശത്തില്‍ പറയുന്നുണ്ട്.
തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞതായും കാറിന്റെ കണ്ണാടി പൊട്ടിച്ചതായും സന്ദേശത്തിലുണ്ട്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍, ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി അടുത്തിടെയാണ് വിസ്മയ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാല്‍, ഇതിനു ശേഷവും ഭര്‍ത്താവില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനമേറ്റിരുന്നതായാണ് വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.
വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനപീഡനമാണ് മരണത്തില്‍ കലാശിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ വിസ്മയയെ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവില്‍പോയിരിക്കുകയാണ്. സംഭവത്തില്‍, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി.യോട് റിപ്പോര്‍ട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.