കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള വിസ്മയയുടെ ആത്മഹത്യ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ സഹോദരി കീര്‍ത്തി കൂറുമാറി. ഇതോടൊപ്പം രണ്ടുപേര്‍ കൂടി കൂറുമാറിയിട്ടുണ്ട്. കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ബിന്ദു കുമാരി എന്നിവരുമാണു കൂറുമാറ്റം നടത്തിയത്. കേസില്‍ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള ഉള്‍പ്പെടെ ഇതോടെ പ്രതിക്ക് അനുകൂലമായി കൂറുമാറിയവരുടെ എണ്ണം 4 ആയി.
താനും വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ടു കിരണും വിസ്മയയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ലെന്നും മൊഴി നല്‍കിയതോടെ കീര്‍ത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ, കിരണിനു സ്ത്രീധനമായി കാര്‍ നല്‍കിയിരുന്നുവെന്നും അതേച്ചൊല്ലി വിസ്മയയും കിരണും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഇരുവരും പലപ്പോഴും 2 മുറികളാണ് ഉറങ്ങിയിരുന്നതെന്നുമാണു കീര്‍ത്തി നല്‍കിയ മൊഴി.
ഇതില്‍ നിന്നാണ് കിരണിന് അനുകൂലമായി മൊഴി മാറ്റിയത്. 2021 ജൂണ്‍ 13നു വിസ്മയ തനിക്കു വാട്സാപ് സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും താനതു ഡിലീറ്റ് ചെയ്തിരുന്നുവെന്നും മൊഴി നല്‍കി. ജൂണ്‍ 6ലെ 4 സന്ദേശങ്ങള്‍ വിസ്മയ തനിക്ക് അയച്ചതാണെന്നും കീര്‍ത്തി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തില്‍ മൊഴി നല്‍കി. വിസ്മയയും കീര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും കോടതിയെ കേള്‍പ്പിച്ചു. കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ സുജിത് മുന്‍പാകെ വിചാരണ അന്തിമ ഘട്ടത്തിലാണ്.