KeralaNews

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’;കിരണിന്റെ ഫോൺറെക്കോർഡ് കോടതിയിൽ, സാക്ഷിമൊഴി നൽകി അമ്മ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ നിർണായക തെളിവായി ഫോൺ സംഭാഷണങ്ങൾ. ”സ്ത്രീധനത്തിന്റെ ആരോപണം വന്നാൽ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം” എന്ന് ഭർത്താവ് കിരൺ സഹോദരീഭർത്താവ് മുകേഷിനോട് പറയുന്ന സംഭാഷണം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി. സ്ത്രീധനത്തിനു വേണ്ടി കിരൺ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ഫോൺ സംഭാഷണം ഹാജരാക്കിയത്. കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച സംഭാഷണങ്ങളാണ് കേസിൽ നിർണായകമാകുന്നത്. 

വിസ്മയയുടെ അമ്മ സജിത വി നായരെ വിചാരണ കോടതിയിൽ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഫോൺ രേഖകൾ ഹാജരാക്കിയത്. കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നൽകിയാൽ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞതായി വിസ്മയയുടെ അമ്മ സാക്ഷിമൊഴി നൽകി. സ്വർണം ലോക്കറിൽ വെക്കാൻ ചെന്നപ്പോൾ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയതെന്നും സ്ത്രീധനം കൊടുത്താൽ പ്രശ്‌നങ്ങൾ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറഞ്ഞതെന്നും അമ്മ മൊഴിനൽകി.

വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം കിരണിൻറെ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച ഘട്ടത്തിലാണ് സംഭാഷണങ്ങൾ കണ്ടെത്തിയത്. കിരണിൻറെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. വണ്ടിയിൽ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്ന് കിരൺ പറയുന്നതും റെക്കോർഡിൽ കേൾക്കാം. കേസിൽ എതിർവിസ്താരം തിങ്കളാഴ്ചയും തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button