KeralaNews

2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും; ‘വിഷു ആഘോഷിക്കണം ആഹ്ലാദപൂർവം’

തിരുവനന്തപുരം • വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 56,97,455 പേർക്ക്‌ 3,200 രൂപ വീതം ലഭിക്കും. മാർച്ചിലെ ഗഡുവിനൊപ്പം ഏപ്രിലിലേത് മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. അതിനായി 1,746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രിൽ പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

കോവിഡ് മഹാമാരിയും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ടു മാസത്തെ പെൻഷനുകൾ ഒരുമിച്ചു നൽകുന്നത്. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ലാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
………………………

തസ്തിക

പുതുതായി അനുവദിച്ച 7 കുടുംബ കോടതികളില്‍ 21 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി.

കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നീ കോടതികളിലാണിത്.

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി.

400 കെ. വി ഇടമണ്‍ – കൊച്ചി ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍. എ, പവര്‍ഗ്രിഡ് യൂണിറ്റുകളിലെ 11 തസ്തികകള്‍ക്ക് 10.10.2021 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടർച്ചാനുമതി നല്‍കി.

ശമ്പളപരിഷ്‌കരണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിലെ നേഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ 11-ാം ശമ്പളപരിഷ്‌കരണ ഉത്തരവിന്‍ പ്രകാരം പരിഷ്‌കരിക്കരിക്കാന്‍ അനുമതി നല്‍കി.

നിയമനം

ക്ലീന്‍ കേരള കമ്പനിയിലെ പുതിയ മാനേജിംഗ് ഡയറക്ടറായി ജി. കെ. സുരേഷ് കുമാറിനെ (റിട്ട. ഡെപ്യൂട്ടി കളക്ടര്‍) നിയമിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

ചികിത്സാ സഹായം

കരള്‍ ദാന ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ സ്‌പൈനല്‍ സ്‌ട്രോക്ക് കാരണം ശരീരം തളര്‍ന്നു കിടപ്പിലായ രഞ്ജു കെ. യുടെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു.

ഭൂമി കൈമാറ്റം

ഇടുക്കി കോടതി സമുച്ചയ നിര്‍മ്മാണത്തിനായി ഇടുക്കി വില്ലേജില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 2 ഏക്കര്‍ സ്ഥലം സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായി ജുഡീഷ്യല്‍ വകുപ്പിന് നല്‍കാന്‍ അനുമതി നല്‍കി.


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button