മലപ്പുറം: വിസ വാഗ്ദാനം നല്‍കി പണം തട്ടിയ ട്രാവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം(21) എന്നയാളാണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തിട്ടുണ്ട്. പട്ടിക്കാട് ഭാഗത്ത് സൈന്‍ എന്ന പേരില്‍ ഇയാള്‍ ട്രാവല്‍ ഏജന്‍സി നടത്തി വരവേ 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുഎഇയില്‍ ഡ്രൈവര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നൂറിലേറെ പേരില്‍ നിന്നായി ഇയാള്‍ പണം വാങ്ങിയിരുന്നു.
ഓരോരുത്തരിലും നിന്നും 30,000 മുതല്‍ 40,000 വരെയാണ് അഡ്വാന്‍സായി വാങ്ങിയത്. ഇതില്‍ ഏതാനും പേര്‍ക്ക് വിസ നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മേലാറ്റൂര്‍ സ്റ്റേഷനില്‍ മാത്രം 40 ലേറെ പരാതികളാണ് രേഖാമൂലവും അല്ലാതെയും ഇയാള്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്.ഇയാളുടെ പേരിലുള്ള മൂന്ന് കേസുകളിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഇതിനിടെ ട്രാവല്‍സ് അടച്ചുപൂട്ടി വയനാട്ടിലേക്ക് കടന്ന പ്രതി കഴിഞ്ഞ ദിവസം തിരികെ നാട്ടില്‍ എത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. പാണ്ടിക്കാട്ടെ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.