കൊച്ചി:മലയാളികളുടെ പ്രിയ നടനാണ് ജഗദീഷ്. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയത് ജഗദീഷ് ആയിരുന്നു. പിന്നാലെയാണ് താരം ഭാര്യയെക്കുറിച്ച് മനസ് തുറന്നത്.
ഈയ്യടുത്തായിരുന്നു ജഗജീഷിന്റെ ഭാര്യ ഡോ. പി രമ മരിക്കുന്നത്. അറിയപ്പെടുന്ന ഫോറന്‍സിക് വിദഗ്ധയായിരുന്ന രമ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവുമായിരുന്നു. ഈയ്യടുത്തായിരുന്നു രമയ്ക്ക് മരണം സംഭവിക്കുന്നത്. ഏറെനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ഒരു കോടിയില്‍ അതിഥിയായി എത്തിയ ജഗദീഷ് ഭാര്യയുടെ രോഗത്തെക്കുറിച്ചും അവസാന നാളുകളെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ന്യൂറോണ്‍സിനെ ബാധിക്കുന്ന അസുഖമായിരുന്നു രമയ്ക്ക്. മൂവ്മെന്റുകള്‍ നടക്കാതെ വരുന്ന അവസ്ഥയായിരുന്നു. അവസാനം വരെ സ്നേഹിക്കുക മാത്രമല്ല, നല്ല കെയറും കൊടുക്കാന്‍ സാധിച്ചു. രോഗം അറിയാന്‍ വൈകിയതല്ല. ഹോമിയോപതിയിലെ പഠനം പറഞ്ഞത് ചിക്കന്‍ പോക്സ് വന്നൊരു രോഗിയെ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ അതില്‍ നിന്നും വൈറസ് രമയെ ബാധിച്ചതാണെന്നായിരുന്നു. എന്നാല്‍ അലോപ്പതി ആ നരീക്ഷണത്തെ തള്ളിക്കളയുന്നുണ്ട്. അങ്ങനെ മൃതദേഹത്തില്‍ നിന്നും വൈറസ് ബാധിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് അലോപ്പതി പറഞ്ഞത്.
രോഗം വിവരം അറിഞ്ഞപ്പോള്‍ മാത്രം രമയുടെ കണ്ണൊന്ന് നിറഞ്ഞു. പിന്നെ ഒരിക്കലും അവള്‍ താനൊരു രോഗിയാണെന്ന ഭാവം കാണിച്ചിട്ടില്ല. അവസാന നിമിഷം വരെ പൊരുതിയ ആളാണ്. അവസാനം വരെ നന്നായി അവളെ കെയര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഭാര്യയോട് സ്നേഹം മാത്രമല്ല, അതിയായ ആദരവും ബഹുമാനവുമുണ്ട് എനിക്ക്.
ഒപ്പ് ചെറുതായി പോകുന്നുണ്ടായിരുന്നു. ഒരു ദിവസം ഒപ്പിട്ടപ്പോള്‍ ചെറുതാകുന്നുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഏത് അങ്ങനൊന്നും ഇല്ലെന്ന് പറഞ്ഞു. പക്ഷെ പിന്നീട് രോഗം സ്ഥിരീകരിച്ച ശേഷം ഞാന്‍ നെറ്റില്‍ നോക്കിയപ്പോള്‍ ലക്ഷണങ്ങളായി കണ്ടതിലൊന്ന് കയ്യക്ഷരം ചെറുതാകുമെന്നാണ്. കൈയ്യുടെ മൂവ്മെന്റ് ചെറുതാകുന്ന തരത്തിലായിരിക്കും അപ്പോള്‍ ന്യൂറോണ്‍ പ്രവര്‍ത്തിക്കുക.
എന്റെ ഭാര്യ എന്ന നിലയിലല്ല അവള്‍ അറിയപ്പെട്ടിരുന്നത്. മരിച്ചപ്പോള്‍ വാര്‍ത്ത വന്നത് ജഗദീഷിന്റെ ഭാര്യ മരിച്ചുവെന്നല്ല, ഡോക്ടര്‍ പി രമ മരിച്ചുവെന്നായിരുന്നു. ജീവിതത്തില്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് നിന്നിട്ടില്ല. ആകെ മൂന്ന് തവണയാണ് എന്റെ കൂടെ വിദേശ യാത്രയ്ക്ക് വന്നിട്ടുള്ളത്. ഫങ്ഷനുകള്‍ക്കൊന്നും വരാറുണ്ടായിരുന്നില്ല. വിളിക്കുമ്പോള്‍ ഞാനില്ലെന്ന് പറയും. ഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് പിറ്റേദിവസത്തെ ക്ലാസിനായി രമ തയ്യാറായിരുന്നത്.
അറേഞ്ച്ഡ് മാര്യേജായിരുന്നു. എന്റെ ചേച്ചി രമയുടെ അമ്മയെ കാണാനായി അവരുടെ വീട്ടില്‍ പോയപ്പോഴാണ് രമയെ കാണുന്നത്. മകളാണ് എംബിബിഎസിന് പഠിക്കുകയാണെന്ന് പറഞ്ഞു. പിന്നീട് അളിയന്‍ വഴിയാണ് വിവാഹ ആലോചന വന്നത്. എന്റെ വീടിന്റെ നാഥ അവളായിരുന്നു. ഞാന്‍ എത്ര സമ്പാദിക്കുന്നുണ്ടെന്നോ എത്ര കൊണ്ടു വരുന്നുണ്ടെന്നോ ഒന്നും ഒരിക്കലും ചോദിച്ചിരുന്നില്ല. നല്ലൊരു ജോലി കയ്യിലുണ്ടായിരുന്നിട്ട് സിനിമയിലേക്ക് പോയപ്പോള്‍ എതിര്‍ത്തില്ല, താല്‍പര്യമുണ്ടോ ആത്മവിശ്വാസമുണ്ടോ എന്നാല്‍ പൊക്കോളൂവെന്നാണ് പറഞ്ഞതെന്നും ജഗദീഷ് പറയുന്നുണ്ട്.
അന്ന് ഈ കുടുംബം മൊത്തം താങ്ങി നിര്‍ത്തിയത് രമയാണ്. കുട്ടികളെ വളര്‍ത്തുന്നതും എന്റെ കാര്യങ്ങള്‍ നോക്കുന്നതുമെല്ലാം. ഞാന്‍ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട് വീട്ടിലെ ഗൃഹനാഥയും ഗൃഹനാഥനും രമയായിരുന്നു. എന്റെ വ്യക്തിത്വത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് നൂറില്‍ അമ്പതാണെങ്കില്‍ രമയുടെ വ്യക്തിത്വത്തിന് നല്‍കുന്നത് നൂറില്‍ തൊണ്ണൂറ് മാര്‍ക്കാണ്. അവസാന നിമിഷം വരെ പൊരുതി ജീവിച്ച സ്ത്രീയാണെന്നും ജഗദീഷ് പറയുന്നു.