വെണ്‍മണി: വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി വെണ്‍മണി സ്വദേശിനിയായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയില്‍നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നാല് തമിഴ്നാട് സ്വദേശികള്‍ പോലിസ് പിടിയിലായി. തമിഴ്നാട് സ്വദേശികളായ സെന്തില്‍, മണികണ്ഠന്‍, തമിഴരശന്‍, സെല്‍വന്‍ എന്നിവരെയാണ് വെണ്‍മണി പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിലിലാണ് സംഭവം നടന്നത്. മുംബൈയിലെ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.
സൈബര്‍ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ ജെ യുടെ മേല്‍നോട്ടത്തില്‍ വെണ്‍മണി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ രാജേഷ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രതികള്‍ പണം തട്ടാന്‍ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
വെണ്‍മണി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ രാജേഷ് പി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു ഡി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിശാഖ് തമ്പി, വിജേഷ് വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


