താമരശ്ശേരിയില്‍ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു; തുണയായി നിന്ന് ഭര്‍തൃമാതാവ്

താമരശ്ശേരിയില്‍ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു; തുണയായി നിന്ന് ഭര്‍തൃമാതാവ്

താമരശ്ശേരി: താമരശ്ശേരിയിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയിലെ അമ്പായത്തോടിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലാണ് പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പിൽ ഷഹനാദിന്റെ ഭാര്യ വിപ(20) പെൺകുഞ്ഞിന് ജന്മം നൽകിയത്.

താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രസവം. വിപയുടെ രണ്ടാമത്തെ പ്രസവമാണിത്. യുവതിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന ഭർത്തൃമാതാവ് റജീന നവജാതശിശുവിനെ നൈറ്റിയിൽ പൊതിഞ്ഞ് ഭദ്രമായി ചേർത്തുപിടിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചശേഷം നഴ്‌സുമാർ ഓട്ടോയിൽവെച്ചുതന്നെ പൊക്കിൾക്കൊടി അറത്തുമാറ്റിയശേഷമാണ് കുഞ്ഞിനെയും അമ്മയെയും ലേബർറൂമിലേക്ക് കയറ്റിയത്. അടിയന്തരവൈദ്യസഹായം നൽകി നില മെച്ചപ്പെട്ടശേഷം ഇരുവരെയും വാർഡിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറെ കാണിക്കുകയും അടുത്ത ശനിയാഴ്ചത്തേക്ക് വരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News