കന്യകാത്വം’ അഥവാ വെർജിനിറ്റി എന്ന വാക്കിനോട് ‘നോ’ പറഞ്ഞ് എഴുത്തുകാരിയും ‘സെക്ഷ്വൽ ഫ്രീഡം ഫിലോസഫർ’ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന നിക്കോള്‍ ഹോഡ്ജസ്. ഈ പുരോഗമന കാലത്ത് ‘കന്യകാത്വം’ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇവർ പറയുന്നു. ഇതിനു പകരമായി ഇനിമുതൽ ‘ലൈംഗിക അരങ്ങേറ്റം’ എന്ന വാക്ക് ഉപയോഗിച്ചാൽ മതിയെന്നാണ് നിക്കോള്‍ ഹോഡ്ജസ് വ്യക്തമാക്കുന്നത്.
സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാമൂഹികമായ ചില അടിച്ചമർത്തലുകളുടെ ഭാഗമായിട്ടാണ് ‘കന്യകാത്വം’ എന്ന വാക്കിനെ പുരോഗമന ലോകവും ഫെമിനിസ്റ്റുകളും കണ്ടുപോരുന്നത്. കന്യക എന്ന വാക്ക് സ്ത്രീയെ ഉദ്ദേശിച്ച് ഉപയോഗിക്കുമ്പോൾ ഈ വാക്കിനു തുല്യമായി പുരുഷനെ സൂചിപ്പിക്കാൻ മറ്റൊരു വാക്ക് ഇല്ലെന്നത് കണക്കിലെടുത്താണ് പകരം ‘ലൈംഗിക അരങ്ങേറ്റം’ എന്ന വാക്ക് ഉപയോഗിക്കാമെന്ന് നിക്കോള്‍ ഹോഡ്ജസ് വ്യക്തമാക്കുന്നത്.
തന്റെ ‘Oh, the Places You’ll Go Oh Oh!’ എന്ന പുസ്തകത്തിലാണ് ഹോഡ്ജസ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകളുടെ രതിമൂർച്ഛയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണിത്. കന്യകാത്വം നഷ്ടമായി, കന്യകാത്വം കവര്‍ന്നെടുത്തു തുടങ്ങിയ പരാമർശങ്ങൾ കാലത്തിനു യോജിച്ചതല്ലെന്നും ഇതിൽ ഉയർന്നു കാണാവുന്നത് പച്ചയായ സ്ത്രീവിരുദ്ധത ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കന്യകാത്വത്തിനു പകരം പുതിയൊരു വാക്ക് ഉപയോഗിക്കണമെന്ന് ഇവർ മാസങ്ങളായി നിരന്തരം ആവശ്യപ്പെടാറുണ്ടെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു./
ഏതായാലും ഹോഡ്ജസിന്റെ ആരാധകർ ഈ പുതിയ വാക്കിനെ ഏറ്റെടുത്ത് കഴിഞ്ഞു. ‘പെണ്‍കുട്ടികള്‍ ഏതെങ്കിലും നഷ്ടത്തില്‍ നിന്നുമല്ല പുതിയൊരു യാത്ര തുടങ്ങേണ്ടത്. അവർക്ക് എന്തെങ്കിലും നഷ്ടപ്പെട്ടതോ എന്തെങ്കിലും ഉപേക്ഷിച്ചതോ ആയ തോന്നലവിടെയുണ്ടാകുന്നു. അത് അപമാനമായി തോന്നേണ്ട കാലം കഴിഞ്ഞു. മറിച്ച് അതൊരു ആഘോഷമാണ്’, നിക്കോള്‍ ഹോഡ്ജസ് ട്വിറ്ററില്‍ കുറിച്ചു.