ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്ടന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി

ന്യുഡൽഹി:ഒക്ടോബർ-നവംബർ മാസങ്ങളിൽ യുഎഇയിലും ഒമാനിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനം ആരാധകരുമായി പങ്കുവച്ചത്.

ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ബാറ്റ്സ്മാനായും ക്യാപ്റ്റനെന്ന നിലയിലും ഏകദിന, ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വിരാട് കോലി പറയുന്നു. ഈ സുപ്രധാന തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുമായും രോഹിത്ത് ശർമ്മയുമായും ദീർഘനേരം ചർച്ചകൾ നടത്തി.

”എന്റെ അടുത്ത സുഹൃത്തുക്കളായ രവി ഭായ്, രോഹിത് എന്നിവരുമായുള്ള ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഞാൻ ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു” ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച കുറിപ്പിൽ വിരാട് കോലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടർമാർ എന്നിവരുമായും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് ചർച്ചകൾ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നിരുന്നാലും, ഒരു കളിക്കാരനെന്ന നിലയിൽ താൻ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായി തുടരുമെന്ന് കോലി സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News