ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം.എല്‍. ജിഷ്ണുവാണ് കത്ത് നല്‍കിയത്. തനിക്ക് വൈറല്‍പനി ആണെന്നും അതിനാല്‍ മൂന്നാഴ്ചത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഏപ്രില്‍ 24 തിങ്കളാഴ്ചയാണ് ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
oചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജികള്‍ അന്ന് പരിഗണിച്ചിരുന്നത്.
ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നില്ല. ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് അനന്തമായി നീണ്ടുപോകുന്നുവെന്ന പരാതികള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹര്‍ജികള്‍ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ തിങ്കളാഴ്ച പരിഗണിക്കുന്ന 21-ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍.