എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്. എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നും ഓര്‍ക്കും ഈ പ്രോജക്ട് ഇങ്ങിനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്. എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം.
‘ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിനെടുത്ത കാലതാമസത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനു താഴെ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്നയാള്‍ ഇട്ട കമന്റാണിത്. നസീറിന്റെ ഈ കമന്റിനു മാത്രം 2600 ലൈക്കാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുക.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു ഉദ്ഘാടനം നിര്‍വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്നിഹിതനാകും. പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും.
കേന്ദ്രസഹമന്ത്രി വി.കെ. സിംഗ്, മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, എംപിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാല്‍, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവര്‍ പങ്കെടുക്കും.
കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമാണിത്.