പത്തനംതിട്ട:തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലേത്.തെരഞ്ഞെടുപ്പ് കാലത്തെ വൈറൽ സ്ഥാനാർഥി അഡ്വ. വിബിത ബാബുവിന് വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത് സാമൂഹമാധ്യമങ്ങളിൽ വൈറലായ സ്ഥാനാർത്ഥികളിൽ പ്രധാനിയായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. വിബിത ബാബു.
പ്രചാരണ സമയത്തെ തിളക്കമൊക്കെ ഇപ്പോൾ ആകെ മങ്ങിയിരിക്കുകയാണ് വിബിതയ്ക്കിപ്പോൾ.എൽ.ഡി.എഫ്. സ്ഥാനാർഥി സി.കെ. ലതാകുമാരിക്ക് മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ആകെ 9178 വോട്ടാണ് വിബിതക്ക് ലഭിച്ചത്. 10469 വോട്ട് നേടി ലതാകുമാരി മുന്നിലെത്തി.
പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്ന വിബിത, പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അവസാന വിജയം എൽ.ഡി.എഫ്. സ്ഥാനാർഥിക്കായിരുന്നു.
സ്ഥാനാർഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദ്യാഭ്യാസ കാലത്ത് കെ. എസ്. യുവിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. 2009 മുതൽ തിരുവല്ലയിൽ അഡ്വ. എം. ഫിലിപ്പ് കോശിയുടെ ജൂനിയർ ആയി അഭിഭാഷക പ്രാക്ടീസ് ആരംഭിച്ചു. പൊതുജനങ്ങൾക്കും ക്രിമിനൽ കേസിലെ ഇരകൾക്കും നിയമ സഹായം നൽകുന്നതിനു വിക്ടിം സപ്പോർട്ടേഴ്സ് സെൽ മെമ്പർ ആയിരുന്നു.
അതേ സമയം യാദൃശ്ചികമായാണ് ലതാകുമാരി ഇടതു മുന്നണി സ്‌ഥാനാര്‍ഥിയായി മത്സരരംഗത്ത് എത്തിയത്. മുന്‍ ജില്ലാ പഞ്ചായത്തംഗമായ ശാന്തി പി. നായരെയാണ് ആദ്യം മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് സ്‌ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നതെങ്കിലും എന്‍.എസ്.എസ് ഹൈസ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ് ആയതിനാല്‍ മാനേജ്‌മെന്റിന്റെ അനുവാദം ശാന്തിക്ക് ആവശ്യമായിരുന്നു. എന്നാൽ ശാന്തി പി നായർ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുന്നതിനോട് എൻ.എസ്. എസ് സ്‌കൂള്‍സ് മാനേജരായ സുകുമാരന്‍ നായര്‍ ശക്തമായി എതിര്‍പ്പ് അറിയിച്ചതോടെ ശാന്തി പി. നായര്‍ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങി അതോടെയാണ് ലതാകുമാരിക്ക് നറുക്കു വീണത്.
കോൺഗ്രസ് സ്‌ഥാനാര്‍ഥിത്വം ലഭിച്ചതിനു പിന്നാലെ ‘മുണ്ടുടുത്ത് വൈറലായി സ്ഥാനാർത്ഥി’ എന്ന ലേബലിൽ വിബിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. ഇതു സ്ഥാനാർത്ഥിക്ക് ഗുണകരമായി. ഇതിനിടയിൽ ചില ഇടതു മുന്നണി പ്രവർത്തകർ തന്നെ സൈബർ ഇടങ്ങളിൽ മുൻ പ്രവർത്തക എന്ന രീതിയിൽ വൈറലായ സ്ഥാനാർത്ഥിയുടെ പെരുമ വിളിച്ചോതുന്ന വാർത്തകളുടെ വാട്സ്ആപ്പ്- ഫേസ്ബുക്ക് ലിങ്കുകൾ ഷെയർ ചെയ്തത് ഇടതു മുന്നണിക്ക് ക്ഷീണമായെന്നായിരുന്നു വിലയിരുത്തൽ
ജില്ലയിലെ ഇടതു നേതാക്കളും രണ്ടു പ്രാവശ്യം സി.പിഐ എം ജില്ലാ പഞ്ചായത്തംഗമായ ഫിലിപ്പ് കോശി, ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍. സനല്‍ കുമാര്‍ ഉൾപ്പടെയുള്ളവരുടെ കീഴിൽ അഭിഭാഷകയായി പ്രാക്‌ടീസ് ചെയ്തിരുന്നയാളാണ് യു.ഡി.എഫ് സ്‌ഥാനാര്‍ഥിയായി മല്ലപ്പള്ളി ഡിവിഷനിൽ മത്സരിക്കുന്ന വിബിത ബാബു. സി.പി.എം. നേതാക്കളുടെ ഓഫീസില്‍ നിന്നുള്ളയാളെന്ന നിലയില്‍ തിരുവല്ല ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും നിലവില്‍ ജോയിന്‍റ് സെക്രട്ടറിയുമായി വിബിത മുൻപ് എൽഡിഎഫ് മേൽവിലാസത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തുടക്കത്തിൽ വിബിത ഇടതു സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇടതു സീറ്റിൽ മൽസരിക്കാമെന്ന മോഹം പൊലിഞ്ഞതോടെയാണ് ജില്ലയിലെ യു.ഡി.എഫ്. നേതാക്കളെ നേരിൽ കണ്ട് സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചതെന്നാണ് പരസ്യമായ രഹസ്യം. പിന്നീട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിബിതയുടെ പേര് നിർദ്ദേശിക്കുകയും ഡി.സി.സി പ്രസിഡന്റ് അത് അംഗീകരിക്കുകയുമായിരുന്നു.
പരാജയ ശേഷം സ്ഥാനാർത്ഥി ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു.
എന്റെ പ്രിയപ്പെട്ടവർക്കു ഞാൻ 100% ജനാധിപത്യമര്യാദ യിൽ മത്സരിച്ചു എന്റെ എതിർസ്ഥാനാർഥി വിജയിച്ചു.. ജയിച്ച എന്റെ എതിർ സ്ഥാനാർഥിക്കു അഭിനന്ദനങ്ങൾ..ജനഹിതം ഞാൻ അംഗീകരിക്കുന്നു. ഞാൻ ഇനിയും നിങ്ങളോടൊപ്പം ഉണ്ടാകും മകളായി സഹോദരി ആയി സുഹൃത്ത് ആയി നിങ്ങളിൽ ഒരുവൾ ആയി…….